വീരമണി പോക്‌സോ കേസ്: നടപടിയെടുക്കാത്ത രണ്ട് ഐപിഎസ് ഉദ്യോഗസ്ഥരെ ചുമതലകളിൽ നിന്ന് നീക്കി

ചെന്നൈ: ജെം ഗ്രാനൈറ്റ്‌സ് ഉടമ വീരമണി ഉൾപ്പെട്ട പോക്‌സോ കേസിൽ പരാതി ലഭിച്ചിട്ടും നടപടിയെടുക്കാതിരുന്ന രണ്ട് ഉയർന്ന ഐ.പി.എസ് ഉദ്യോഗസ്ഥർക്കെതിരെ തമിഴ്‌നാട് സർക്കാരിന്റെ കർശന നടപടി. മുൻ ചെന്നൈ പോലീസ് കമ്മീഷണർ എ. അരുൺ, അഡീഷണൽ കമ്മീഷണർ എൻ. കണ്ണൻ എന്നിവരെയാണ് തമിഴ്‌നാട് ആഭ്യന്തര വകുപ്പ് നിലവിലെ പദവികളിൽ നിന്ന് നീക്കം ചെയ്തത്. പോലീസ് അക്കാദമി എ.ഡി.ജി.പിയായിരുന്ന അരുണിനും കോയമ്പത്തൂർ പോലീസ് കമ്മീഷണറായിരുന്ന കണ്ണനും പകരം ചുമതലകളൊന്നും നൽകിയിട്ടില്ല.

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ വർഷങ്ങളോളം ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് എൺപതുകാരനായ വീരമണിയെ ചെന്നൈ പോലീസ് കഴിഞ്ഞ മാസം അറസ്റ്റ് ചെയ്തത്. ഒരു എൻ.ജി.ഒ ഓഫീസിൽ ലഭിച്ച കത്തും ഡിജിറ്റൽ തെളിവുകളുമാണ് കേസിന് വഴിത്തിരിവായത്. 2019-ലെ ദൃശ്യങ്ങൾ മുൻനിർത്തി ആരംഭിച്ച അന്വേഷണത്തിൽ തെളിവുകളില്ലെന്ന് കാട്ടി കേസ് അവസാനിപ്പിക്കാൻ പോലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയെങ്കിലും, ജൂലൈയിൽ കോടതി ഈ റിപ്പോർട്ട് തള്ളുകയും സമഗ്ര അന്വേഷണത്തിന് ഉത്തരവിടുകയുമായിരുന്നു.

കോടതി ഇടപെടലിൽ അറസ്റ്റ് നടന്നതിന് പിന്നാലെയാണ് തമിഴ്‌നാട് കോൺഗ്രസ് നേതാവ് രഞ്ജൻ കുമാർ ആരോപണവുമായി രംഗത്തെത്തിയത്. 2024 നവംബറിൽ തന്നെ ഉന്നത ഉദ്യോഗസ്ഥരായ എൻ. കണ്ണനും എ. അരുണിനും നേരിട്ട് പരാതി നൽകിയിട്ടും യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് അദ്ദേഹം വെളിപ്പെടുത്തി. വീരമണിയുടെ വീട്ടിൽ റെയ്ഡ് നടത്താനോ ചോദ്യം ചെയ്യാനോ പോലീസ് തയ്യാറായില്ലെന്നും ആരോപണമുയർന്നു. വെളിപ്പെടുത്തൽ വലിയ രാഷ്ട്രീയ വിവാദമായതോടെയാണ് ഉന്നത ഉദ്യോഗസ്ഥർക്കെതിരെ സർക്കാർ തൽക്ഷണ നടപടി സ്വീകരിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button