മമ്മൂട്ടിയെ വിമർശിച്ചവർക്ക് മറുപടിയുമായി ബി. ഗോപാലകൃഷ്ണൻ; സ്നേഹത്തിനും സൗഹൃദത്തിനും ലക്ഷ്മണരേഖയില്ലെന്ന് പ്രതികരണം

തൃശൂർ: നടൻ മമ്മൂട്ടിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ ഉയർന്ന വിമർശനങ്ങൾക്ക് മറുപടിയുമായി ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ബി. ഗോപാലകൃഷ്ണൻ. താൻ വളരെ സന്തുഷ്ടനാണെന്നും സ്നേഹവും സൗഹൃദവുമാണ് ഏറ്റവും വലുതെന്നും അദ്ദേഹം പറഞ്ഞു.
മമ്മൂട്ടി മാത്രമല്ല, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും മകളുടെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ എത്തിയിരുന്നു. പിണറായി വിജയൻ, വി.ഡി. സതീശൻ, രമേശ് ചെന്നിത്തല എന്നിവരെല്ലാം തന്റെ സുഹൃത്തുക്കളാണെന്നും ക്ഷണം സ്വീകരിച്ച് അവരെല്ലാം എത്തിയെന്നും അദ്ദേഹം വ്യക്തമാക്കി. വിവാഹദിവസം എത്താൻ സാധിക്കാത്തതിനെ തുടർന്ന് മുൻമന്ത്രി ആർ. ബിന്ദുവും വൈകിട്ട് വസതിയിലെത്തി ആശംസകൾ അറിയിച്ചിരുന്നു.
തന്റെ രാഷ്ട്രീയം വേറെയാണെന്നും വ്യക്തിബന്ധങ്ങൾ വേറെയാണെന്നും വ്യക്തമാക്കിയ ബി. ഗോപാലകൃഷ്ണൻ, സ്നേഹത്തിനും സൗഹൃദത്തിനും ലക്ഷ്മണരേഖയില്ലെന്നും കൂട്ടിച്ചേർത്തു. കേരളം ഒരുമിച്ച് പോകരുത് എന്ന് ആഗ്രഹിക്കുന്ന ചില ഛിദ്രശക്തികളാണ് ഇത്തരം സൗഹൃദങ്ങളെ എതിർക്കുന്നതും വിവാദമാക്കാൻ ശ്രമിക്കുന്നതും. എന്നാൽ മമ്മൂട്ടിക്ക് ഇതൊന്നും ഒരു വിഷയമല്ലെന്നും അദ്ദേഹം മഹാമനസ്കനായ വ്യക്തിയാണെന്നും ഗോപാലകൃഷ്ണൻ പ്രതികരിച്ചു.



