ഐഒഎ തിരഞ്ഞെടുപ്പിൽ പി.ടി. ഉഷയ്ക്ക് തിരിച്ചടി; വനിതാ പ്രതിനിധി സ്ഥാനത്തേക്ക് മത്സരിച്ച് തോറ്റു

ന്യൂഡൽഹി: ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ (ഐഒഎ) തിരഞ്ഞെടുപ്പിൽ നിലവിലെ പ്രസിഡന്റ് പി.ടി. ഉഷയ്ക്ക് കനത്ത തിരിച്ചടി. വനിതാ പ്രതിനിധികളെ തിരഞ്ഞെടുക്കുന്നതിനായി നടന്ന വോട്ടെടുപ്പിൽ ഉഷ പരാജയപ്പെട്ടു. ഇതോടെ ഐ.ഒ.എ പ്രസിഡന്റ് സ്ഥാനത്തേക്ക് വീണ്ടും മത്സരിക്കാനുള്ള ഉഷയുടെ സാദ്ധ്യതകൾക്ക് തിരിച്ചടിയായി.

വനിതാ പ്രതിനിധികളായി തിരഞ്ഞെടുക്കപ്പെടാൻ യോഗ്യതയുണ്ടായിരുന്ന നാല് സ്ഥാനങ്ങളിലേക്ക് ആറുപേരാണ് മത്സരിച്ചത്. 80 പേർ വോട്ട് രേഖപ്പെടുത്തിയപ്പോൾ 40 വോട്ടുകൾ മാത്രമാണ് ഉഷയ്ക്ക് ലഭിച്ചത്. അഞ്ചാം സ്ഥാനത്തായാണ് ഉഷ ഫിനിഷ് ചെയ്തത്. മൂന്ന് വോട്ടുകളുടെ വ്യത്യാസത്തിലാണ് നാലാം സ്ഥാനത്തെത്തിയ സൈന നെഹ്‌വാളിനോട് ഉഷ പരാജയപ്പെട്ടത്.അഞ്ജു ബോബി ജോർജാണ് 53 വോട്ടുകളുമായി ഒന്നാം സ്ഥാനത്തെത്തിയത്.

റാണി രാംപാൽ 50 വോട്ടുകളോടെ രണ്ടാമതെത്തി. ഡോല ബാനർജിക്ക് 45 വോട്ടും സൈന നെഹ്വാളിന് 43 വോട്ടും ലഭിച്ചു. നാലുപേരും വനിതാ പ്രതിനിധികളായി തിരഞ്ഞെടുക്കപ്പെട്ടു. തിരഞ്ഞെടുപ്പിന് മുന്നോടിയായി തനിക്കെതിരെ സംഘടിത പ്രചാരണം നടക്കുന്നുണ്ടെന്ന് പി.ടി. ഉഷ പരാതിപ്പെട്ടിരുന്നു. ‘ന്യൂ ഭാരത്’ എന്ന പേരിൽ പ്രചാരണം നടക്കുന്നുവെന്നും തന്നെ ലക്ഷ്യമിട്ടുള്ള നീക്കങ്ങളുണ്ടെന്നുമായിരുന്നു ആരോപണം. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ ഉഷയ്‌ക്കെതിരായ നീക്കങ്ങൾ ഫലം കണ്ടെന്ന വിലയിരുത്തലുകളും ഉയരുന്നുണ്ട്.

വനിതാ പ്രതിനിധി സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും ഏതെങ്കിലും ദേശീയ കായിക ഫെഡറേഷന്റെ പ്രതിനിധിയായി നാമനിർദേശം ചെയ്യപ്പെടുകയാണെങ്കിൽ ഐ.ഒ.എ ഭരണസമിതിയിൽ തുടരാനും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനുമുള്ള സാദ്ധ്യത ഉഷയ്ക്ക് നിലനിൽക്കുന്നുണ്ട്. അതിനാൽ തുടർനീക്കങ്ങൾ നിർണായകമാകും. ഐ.ഒ.എയിലെ നിലവിലെ ഭരണസമിതിയുടെ കാലാവധി അവസാനിക്കാനിരിക്കെ തിരഞ്ഞെടുപ്പ് ഫലം സംഘടനയ്ക്കുള്ളിലെ അധികാര സമവാക്യങ്ങളിലും നിർണായകമാകുമെന്നാണ് വിലയിരുത്തൽ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button