ഹൈക്കമാൻഡുമായി നിർണായക ചർച്ചകൾക്കായി വി ഡി സതീശൻ, രമേശ് ചെന്നിത്തല, സണ്ണി ജോസഫ് എന്നിവർ ദില്ലിയിലേക്ക്

തിരുവനന്തപുരം: കേരളത്തിലെ പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതുമായി ബന്ധപ്പെട്ട നിർണായക ചർച്ചകൾക്കായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, മുതിർന്ന നേതാവ് രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് എന്നിവർ ഇന്ന് രാത്രി ഡൽഹിയിലേക്ക് തിരിക്കും. ഹൈക്കമാൻഡുമായി നടത്തുന്ന നിർണായക ചർച്ചകൾക്കാണ് മൂവർ സംഘം എത്തുന്നത്.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി ഡി സതീശൻ, കെസി വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവരുടെ പേരുകളാണ് സജീവ പരിഗണനയിൽ ഉള്ളത്. എഐസിസി നിരീക്ഷകർ സമർപ്പിച്ച റിപ്പോർട്ടും എംഎൽഎമാരുടെയും ഘടകകക്ഷികളുടെയും അഭിപ്രായങ്ങളും അടിസ്ഥാനമാക്കിയാണ് അന്തിമ ചർച്ചകൾ നടക്കുന്നത്.
കെസി വേണുഗോപാലിന് എംഎൽഎമാരിൽ നിന്ന് ശക്തമായ പിന്തുണ ലഭിച്ചിട്ടുണ്ടെന്നാണ് കെസി പക്ഷത്തിന്റെ അവകാശവാദം. 45-ലധികം എംഎൽഎമാർ പിന്തുണ അറിയിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഈ കണക്കുകൾ ഹൈക്കമാൻഡ് ഗൗരവത്തോടെ പരിഗണിക്കുമെന്ന ആത്മവിശ്വാസത്തിലാണ് കെസി ക്യാമ്പ്.
അതേസമയം, ഘടകകക്ഷികളുടെ പിന്തുണ തനിക്ക് അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് വി ഡി സതീശൻ. സംസ്ഥാന വ്യാപകമായി അദ്ദേഹത്തിന് അനുകൂലമായി പ്രകടനങ്ങളും ഫ്ലെക്സ് പ്രചാരണങ്ങളും നടന്നതായി റിപ്പോർട്ടുണ്ട്. മുസ്ലിം ലീഗ് ഉൾപ്പെടെ ചില ഘടകകക്ഷികൾ പിന്തുണയിൽ പിന്നോട്ടില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
സമവായ സ്ഥാനാർത്ഥിയായി തന്റെ പേര് ഉയരുമെന്ന പ്രതീക്ഷയിൽ രമേശ് ചെന്നിത്തലയും രംഗത്തുണ്ട്. ഹൈക്കമാൻഡ് നടത്തുന്ന ചർച്ചകളാണ് അന്തിമ തീരുമാനത്തിൽ നിർണായകമാകുക. മുഖ്യമന്ത്രിയെ സംബന്ധിച്ച പ്രഖ്യാപനം വൈകില്ലെന്നാണ് കോൺഗ്രസ് കേന്ദ്ര നേതൃത്വത്തിൽ നിന്നുള്ള സൂചന.



