തമിഴകം ആവേശത്തിൽ’ തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ് നാളെ അധികാരമേൽക്കും

ചെന്നൈ: തമിഴ്നാട്ടിൽ രാഷ്ട്രീയ അനിശ്ചിതത്വത്തിന് അന്ത്യം കുറിച്ച് വിജയ് നാളെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് റിപ്പോർട്ടുകൾ. നാളെ രാവിലെ 11 മണിക്ക് ചെന്നൈ നെഹ്‌റു സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുക.
തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ നാല് ദിവസം നീണ്ട ചർച്ചകൾക്കൊടുവിലാണ് തമിഴക വെട്രി കഴകം (ടിവികെ) സർക്കാർ രൂപീകരണത്തിലേക്ക് എത്തിയത്. കോൺഗ്രസ്, ഇടത് പാർട്ടികൾ, വി സി കെ എന്നിവയുടെ പിന്തുണ ഉറപ്പിച്ചതോടെ കേവല ഭൂരിപക്ഷമായ 118 കടന്ന് 120 എംഎൽഎമാരുടെ പിന്തുണ ടിവികെ സ്വന്തമാക്കിയതായി പാർട്ടി വൃത്തങ്ങൾ പറയുന്നു.
കോൺഗ്രസിന്റെ 5 എംഎൽഎമാരും സിപിഎമ്മിന്റെയും സിപിഐയുടെയും ഓരോ 2 എംഎൽഎമാരും, വി സി കെയുടെ 1 എംഎൽഎയും ഉൾപ്പെടെ വിവിധ പാർട്ടികൾ പിന്തുണ പ്രഖ്യാപിച്ചതോടെയാണ് വിജയ് സർക്കാർ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ചത്. പിന്നാലെ മുസ്ലിം ലീഗും പുറത്തുനിന്ന് പിന്തുണ നൽകുമെന്ന് പ്രഖ്യാപിച്ചതോടെ രാഷ്ട്രീയ സമവാക്യം കൂടുതൽ ശക്തമായി.
ഇതിനിടെ വി സി കെ മന്ത്രിസഭയുടെ ഭാഗമാകുമെന്ന് ഉറപ്പായിട്ടുണ്ട്. വി സി കെ നേതാവ് തിരുമാവളവൻ മന്ത്രിസ്ഥാനത്തേക്ക് എത്തുമെന്നാണ് വിവരം. ലീഗ് മന്ത്രിസഭയിൽ ചേരുമോ എന്നതിൽ അന്തിമ തീരുമാനം ഇതുവരെ ഉണ്ടായിട്ടില്ല.
സർക്കാർ രൂപീകരണത്തിനായി വിജയ് ഗവർണർ രാജേന്ദ്ര അർലേക്കറുമായി ലോക്ഭവനിൽ മൂന്നാം തവണയും കൂടിക്കാഴ്ച നടത്തി. മുൻപ് പിന്തുണ സംബന്ധിച്ച വ്യക്തത തേടിയിരുന്ന ഗവർണർക്ക് ഈ 120 എംഎൽഎമാരുടെ പിന്തുണ കത്ത് സമർപ്പിച്ചതായാണ് റിപ്പോർട്ട്.
അതേസമയം, ടിവികെ സർക്കാർ രൂപീകരണ അവകാശവാദത്തിൽ കൂടുതൽ വ്യക്തത തേടി പാർട്ടി സുപ്രീം കോടതിയെയും സമീപിച്ചതായും വിവരമുണ്ട്. സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി വിജയ് വിവിധ പിന്തുണ നൽകിയ പാർട്ടി ഓഫീസുകൾ സന്ദർശിച്ച് നന്ദി അറിയിക്കുമെന്നും സൂചനയുണ്ട്.



