അച്ചടക്ക നടപടി ഒഴിവാക്കണം; ‘ഉടവാൾ ഉയർത്തൽ ശരിയല്ലന്നെ് ഡീൻ കുര്യാക്കോസ് എം.പി

ഇടുക്കി: വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് പ്രകടനം നടത്തിയ കോൺഗ്രസ് പ്രവർത്തകർക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ച ഇടുക്കി ഡി.സി.സി.യുടെ നീക്കത്തിനെതിരെ വിമർശനവുമായി ഡീൻ കുര്യാക്കോസ് എം.പി രംഗത്ത്.
പ്രവർത്തകർ ചോര നീരാക്കി നേടിയ വിജയമാണ് കോൺഗ്രസിന്റെ കരുത്തെന്ന് പറഞ്ഞ എം.പി, അവരുടെ വികാരപരമായ പ്രതികരണങ്ങളെ ഭീഷണിയിലൂടെ നേരിടുന്നത് ശരിയല്ലെന്നും കുറ്റപ്പെടുത്തി. ഇത്തരം നടപടികൾ പ്രശ്നം പരിഹരിക്കില്ലെന്നും പാർട്ടി നേതൃത്വം കൂടുതൽ അവധാനത കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പ്രവർത്തകർക്ക് അവരുടെ വികാരങ്ങൾ പ്രകടിപ്പിക്കാൻ പാർട്ടിയിലല്ലാതെ മറ്റെവിടെയാണ് ഇടമെന്ന് ചോദിച്ച ഡീൻ കുര്യാക്കോസ്, കോൺഗ്രസ് ഒരു കേഡർ പാർട്ടി അല്ലെന്ന് എല്ലാവർക്കും അറിയാമെന്നും ഓർമ്മിപ്പിച്ചു. അമിതമായ അച്ചടക്ക നടപടികളിലൂടെ പ്രവർത്തകരെ നിയന്ത്രിക്കാമെന്ന ധാരണ ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രി സ്ഥാനത്തെ ചുറ്റിപ്പറ്റിയുള്ള ചർച്ചകൾ സജീവമായിരിക്കുന്നതിനിടയിൽ, സ്വന്തം ജില്ലയിലെ നേതൃത്വത്തിന്റെ നടപടിക്കെതിരെ എംപി തന്നെ രംഗത്തെത്തിയത് കോൺഗ്രസിനുള്ളിൽ ശ്രദ്ധേയമായ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.



