വാഹനനിര ഒഴിവാക്കും; പൈലറ്റും എസ്‌കോർട്ടും മാത്രം മതിയെന്ന് നിലപാട് മാറ്റവുമായി വി ഡി സതീശൻ

തിരുവനന്തപുരം: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ശൈലിയിൽ മാറ്റവുമായി നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ. മുഖ്യമന്ത്രിക്ക് സാധാരണയായി നൽകുന്ന അധിക സുരക്ഷാ സംവിധാനങ്ങൾ ഒഴിവാക്കണമെന്ന നിലപാടാണ് അദ്ദേഹം മുന്നോട്ടുവച്ചത്.

പൈലറ്റ് വാഹനവും എസ്‌കോർട്ടും ഒഴികെയുള്ള മറ്റ് വാഹനങ്ങൾ വേണ്ടെന്നും, യാത്രയ്ക്കിടെ പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകരുതെന്നും അദ്ദേഹം ഉന്നത പൊലീസ് ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചതായാണ് വിവരം. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചയ്ക്കിടെയായിരുന്നു സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ചുള്ള നിർദ്ദേശങ്ങൾ.

എന്നാൽ നിലവിലെ സുരക്ഷാ മാനദണ്ഡങ്ങൾ അനുസരിച്ച് എസ്‌കോർട്ട് സംവിധാനങ്ങൾ നിർബന്ധമാണെന്ന് പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കിയതായും റിപ്പോർട്ടുണ്ട്.

കഴിഞ്ഞ സർക്കാരിൽ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന് ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയായിരുന്നു നൽകപ്പെട്ടിരുന്നത്. ഏഴ് വാഹനങ്ങളുടെ വലിയ കൺവോയിലായിരുന്നു അദ്ദേഹത്തിന്റെ യാത്രകൾ നടന്നിരുന്നത്. 30 മുതൽ 40 വരെ പൊലീസുകാരും കമാൻഡോ സംഘവും സുരക്ഷാ സംവിധാനത്തിന്റെ ഭാഗമായി ഉണ്ടായിരുന്നു.

മുഖ്യമന്ത്രി യാത്ര ചെയ്യുന്ന സമയത്ത് റോഡുകളിലെ ഇടറോഡുകൾ അടയ്ക്കുന്നതും, ഗതാഗത നിയന്ത്രണങ്ങളും പാർക്കിംഗ് വിലക്കും ഉൾപ്പെടെയുള്ള നടപടികളും പൊലീസ് സ്വീകരിച്ചിരുന്നു. സുരക്ഷാ വിന്യാസം സ്‌പെഷ്യൽ ബ്രാഞ്ച് തയ്യാറാക്കുന്നതാണ് പതിവ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button