വിഡി സതീശൻ രമേശ് ചെന്നിത്തലയുടെ വീട്ടിൽ; ചെന്നിത്തല തന്റെ നേതാവെന്ന് സതീശൻ

തിരുവനന്തപുരം: എല്ലാക്കാലത്തും തന്റെ രാഷ്ട്രീയ നേതാവാണ് രമേശ് ചെന്നിത്തലയെന്നും ചെറുപ്പം മുതൽ അദ്ദേഹത്തിന്റെ വീട്ടിൽ പോകാറുണ്ടായിരുന്നുവെന്നും നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു. വഴുതക്കാട്ടെ ചെന്നിത്തലയുടെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതിപക്ഷ നേതാവായിരുന്ന കാലത്തും ഇരുവരും ഒരേ വാഹനത്തിലാണ് നിയമസഭാ സമ്മേളനത്തിന് പോയിട്ടുള്ളതെന്നും ചെന്നിത്തലയുടെ വീട് നിർമ്മിച്ച കാലം മുതൽ തന്നെ ഇവിടെ സ്ഥിരമായി സന്ദർശിക്കാറുണ്ടെന്നും സതീശൻ പറഞ്ഞു. “ചെന്നിത്തല എനിക്ക് ജ്യേഷ്ഠസഹോദരനു തുല്യനാണ്. പുതിയ ദൗത്യം ഏറ്റെടുക്കുമ്പോൾ അദ്ദേഹത്തിന്റെ അനുഗ്രഹം എനിക്ക് ഉറപ്പാണ്,” എന്നും അദ്ദേഹം വ്യക്തമാക്കി.
ചെന്നിത്തല മന്ത്രിസഭയിൽ ഉണ്ടാകുമോയെന്നത് പാർട്ടി ചർച്ച ചെയ്ത് തീരുമാനിക്കേണ്ട വിഷയമാണെന്നും, അദ്ദേഹവുമായി കൂടിയാലോചിച്ചാണ് അന്തിമ തീരുമാനം ഉണ്ടാകുകയെന്നും സതീശൻ പറഞ്ഞു.
അതേസമയം, വി ഡി സതീശൻ മുഖ്യമന്ത്രിയായതിൽ സന്തോഷമുണ്ടെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു. ഹൈക്കമാൻഡിന്റെ തീരുമാനത്തെ സർവ്വാത്മനാ സ്വാഗതം ചെയ്യുന്നതായും, വ്യക്തിപരമായ ശക്തമായ ബന്ധമാണ് ഇരുവരുമിടയിലെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രിസഭാ പ്രവേശനം സംബന്ധിച്ച കാര്യത്തിൽ പാർട്ടിയാണ് തീരുമാനമെടുക്കേണ്ടതെന്നും, തങ്ങൾക്കിടയിൽ യാതൊരു ഉപാധികളും ഇല്ലെന്നും ചെന്നിത്തല വ്യക്തമാക്കി.



