വാൽപ്പാറ ദുരന്തം അങ്ങേയറ്റം വേദനിപ്പിക്കുന്നത്; മരിച്ചവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി

തമിഴ്നാട്ടിലെ വാൽപ്പാറയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അതീവ ദുഃഖം രേഖപ്പെടുത്തി. മലപ്പുറം സ്വദേശികളായ അധ്യാപകരും കുട്ടികളും ഉൾപ്പെട്ട വിനോദയാത്ര സംഘത്തിന്റെ വാഹനം അപകടത്തിൽപ്പെട്ട വാർത്ത അങ്ങേയറ്റം നടുക്കുന്നതാണെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് എക്‌സിൽ കുറിച്ചു.
അപകടത്തിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും അവർക്കായി പ്രാർഥിക്കുന്നതായും അദ്ദേഹം അറിയിച്ചു. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രധാനമന്ത്രി ആശംസിച്ചു. മലപ്പുറം പാങ്ങ് ചേണ്ടി പാറമ്മൽ എൽ.പി സ്കൂളിലെ അധ്യാപക സംഘമാണ് അപകടത്തിൽപ്പെട്ടതെന്ന വിവരം പുറത്തുവന്നതിന് പിന്നാലെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. മുഖ്യമന്ത്രി പിണറായി വിജയനും നേരത്തെ അപകടത്തിൽ അനുശോചനം രേഖപ്പെടുത്തുകയും പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കാൻ നിർദ്ദേശം നൽകുകയും ചെയ്തിരുന്നു.



