ദക്ഷിണാഫ്രിക്കയിൽ ‘സീരിയൽ കില്ലർ’ ഭീതി; രണ്ട് മാസത്തിനിടെ 9 സ്ത്രീകളുടെ മൃതദേഹങ്ങൾ കണ്ടെത്തി

ജൊഹന്നാസ്ബർഗ്: ദക്ഷിണാഫ്രിക്കയിലെ ജൊഹന്നാസ്ബർഗിന് സമീപം രണ്ട് മാസത്തിനിടെ ഒമ്പത് സ്ത്രീകളുടെ മൃതദേഹങ്ങൾ കണ്ടെത്തിയതോടെ സീരിയൽ കില്ലറുണ്ടെന്ന ഭീതിയിൽ പ്രദേശവാസികൾ. എകുർഹുലേനി മുനിസിപ്പാലിറ്റിയിലെ വിവിധ പ്രദേശങ്ങളിൽ കണ്ടെത്തിയ മൃതദേഹങ്ങൾ തമ്മിൽ ബന്ധമുണ്ടോയെന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്.

ജൂലൈ 17 മുതൽ സെപ്റ്റംബർ 17 വരെയാണ് ഒമ്പത് സ്ത്രീകളുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. ഭൂരിഭാഗം ഇരകളും 20നും 30നും ഇടയിൽ പ്രായമുള്ളവരാണെന്നും ചില മൃതദേഹങ്ങൾ നഗ്നമായോ ഭാഗികമായി വസ്ത്രം ധരിച്ച നിലയിലോ കണ്ടെത്തിയതായും പൊലീസ് അറിയിച്ചു. ചില മൃതദേഹങ്ങളിൽ സമാനമായ മർദനപ്പാടുകളും കണ്ടെത്തിയിട്ടുണ്ട്.

ഒരേ കൊലയാളിയാണോ?

സംഭവങ്ങൾ തമ്മിൽ ബന്ധമുണ്ടെന്ന സംശയം ശക്തമാണെങ്കിലും ഒരേ വ്യക്തിയാണ് കൊലപാതകങ്ങൾക്ക് പിന്നിലെന്ന് പൊലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഒന്നിലധികം പ്രതികളോ വ്യത്യസ്ത പ്രതികളോ ഉൾപ്പെട്ടിട്ടുണ്ടാകാമെന്ന സാധ്യതയും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.ഗൗട്ടെങ് പ്രവിശ്യാ പൊലീസ് കമ്മീഷണർ ഫ്രെഡ് കെക്കാനയുടെ നേതൃത്വത്തിൽ തെളിവുകൾ, സംഭവങ്ങളുടെ സമയക്രമം, സ്ഥലങ്ങൾ, ഇരകളുടെ വിവരങ്ങൾ, കൊലപാതക സാഹചര്യങ്ങൾ എന്നിവ തമ്മിൽ താരതമ്യം ചെയ്യുകയാണ്. സീരിയൽ കൊലപാതകങ്ങൾ അന്വേഷിക്കുന്ന പ്രത്യേക വിഭാഗത്തിലെ ഉദ്യോഗസ്ഥരും അന്വേഷണ സംഘത്തിലുണ്ട്.

ഒമ്പതാമത്തെ മൃതദേഹം ഡോൺ പാർക്കിൽ

സെപ്റ്റംബർ 17ന് ഡോൺ പാർക്കിൽ നിന്നാണ് ഒമ്പതാമത്തെ മൃതദേഹം കണ്ടെത്തിയത്. തിരിച്ചറിയാത്ത യുവതിയുടെ മൃതദേഹമാണ് ലഭിച്ചത്. സംഭവവും മറ്റ് സ്ത്രീകളുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിലേക്ക് ഉൾപ്പെടുത്തിയതായി South African Police Service (SAPS) അറിയിച്ചു. കേസുകൾ അന്വേഷിക്കുന്നതിനായി വിവിധ വിഭാഗങ്ങളിലെ വിദഗ്ധരെ ഉൾപ്പെടുത്തി പ്രത്യേക അന്വേഷണസംഘത്തെയും നിയോഗിച്ചിട്ടുണ്ട്.

ഒരാൾ കസ്റ്റഡിയിൽ

ആദ്യ കേസുകളിലൊന്നുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാൾക്ക് മറ്റു കൊലപാതകങ്ങളുമായി ബന്ധമുണ്ടോയെന്നത് വ്യക്തമല്ല. മറ്റൊരു വ്യക്തിയെയും പൊലീസ് ‘person of interest’ ആയി പരിശോധിക്കുന്നുണ്ട്.



സ്ത്രീകൾക്ക് മുന്നറിയിപ്പ്

സംഭവങ്ങളുടെ പശ്ചാത്തലത്തിൽ കെംപ്ടൺ പാർക്ക് ഉൾപ്പെടെയുള്ള മേഖലകളിൽ സ്ത്രീകൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് പൊലീസ് നിർദേശിച്ചിട്ടുണ്ട്. ഒറ്റയ്ക്ക് നടക്കുകയോ ഓടുകയോ ചെയ്യുന്നത് ഒഴിവാക്കാനും അധികൃതർ മുന്നറിയിപ്പ് നൽകി.
അതേസമയം, സ്ത്രീകളുടെ വസ്ത്രധാരണമോ സഞ്ചാരമോ കുറ്റകൃത്യങ്ങളുടെ ഉത്തരവാദിത്വമായി കാണരുതെന്നും സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് സമൂഹത്തിന്റെയും ഭരണകൂടത്തിന്റെയും ഉത്തരവാദിത്വമാണെന്നും വനിതാ സംഘടനകൾ ചൂണ്ടിക്കാട്ടി.

വിവരങ്ങൾ നൽകുന്നവർക്ക് പാരിതോഷികം

കേസിൽ പ്രതികളെ കണ്ടെത്താൻ സഹായിക്കുന്ന വിവരങ്ങൾ നൽകുന്നവർക്ക് 400,000 ദക്ഷിണാഫ്രിക്കൻ റാൻഡ് പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. മൃതദേഹങ്ങളുടെ ചിത്രങ്ങളോ സ്ഥിരീകരിക്കാത്ത വിവരങ്ങളോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കരുതെന്നും പൊലീസ് മുന്നറിയിപ്പ് നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button