പ്രതിസന്ധികളിൽ തളരാതെ; വൈറലായി രേണു സുധിയുടെ ഓണം ഫോട്ടോഷൂട്ട്

കാൻസറിനോട് പോരാടുന്നതിനിടയിലും ആത്മവിശ്വാസത്തോടെ ജീവിതത്തിൽ മുന്നേറുകയാണ് ബിഗ് ബോസ് മത്സരാർഥിയും സോഷ്യൽ മീഡിയയുടെ പ്രിയതാരമായ രേണു സുധി. മൂന്നാമത്തെ കീമോ കഴിഞ്ഞ് വിശ്രമത്തിലിരിക്കുന്ന രേണു ഓണത്തിന് നടത്തിയ ഫോട്ടോഷൂട്ട് സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്.

വേദനകൾക്കിടയിലും നിറഞ്ഞ ചിരിയുമായി കേരള സാരിയുടുത്തുള്ള രേണുവിന്റെ ചിത്രങ്ങൾ അതിജീവനത്തിന്റെ മനോഹര നിമിഷങ്ങളെ അടയാളപ്പെടുത്തുന്നതാണ്. ചികിത്സയുടെ ഭാഗമായി മുടി നഷ്ടപ്പെട്ടത് തന്റെ ആത്മവിശ്വാസത്തിന് ഒരു കുറവും വരുത്തിയിട്ടില്ലെന്ന് ചിത്രങ്ങളിലൂടെ അവർ വിളിച്ചുപറയുന്നു.

ഫോട്ടോഗ്രാഫറായ ആതിര ജോയാണ് ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത്. ആതിര തന്നെയാണ് ഫോട്ടോ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. ‘പ്രതിസന്ധികളിൽ തളരാതെ, ആത്മവിശ്വാസത്തിന്റെ ചിരിയുമായി മുന്നേറുന്ന രേണു… ഈ ഓണം അതിജീവനത്തിന്റെയും പ്രത്യാശയുടെയും മനോഹരമായ ഓർമപ്പെടുത്തലാണ് ഹൃദയം നിറഞ്ഞ ഓണാശംസകൾ.’ എന്ന കുറിപ്പോടെയാണ് ഇവർ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.

മാസങ്ങൾക്ക് മുൻപാണ് രേണുവിന് കാൻസറാണെന്ന് സ്ഥിരീകരിക്കുന്നത്. ചികിത്സാപുരോഗതികൾ ഉൾപ്പെടെ രേണുതന്നെ വിവരങ്ങൾ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കാറുണ്ട്. ചികിത്സയ്ക്കിടയിലും അഭിമുഖങ്ങളും ഇൻസ്റ്റഗ്രാം റീലുകളുമായി സോഷ്യൽ മീഡിയയിൽ സജീവമാണ് രേണു. കലാകാരനായ കൊല്ലം സുധിയുടെ ഭാര്യയാണ് രേഷ്മ തങ്കച്ചൻ എന്ന രേണു സുധി. സുധിയുടെ അപകട മരണത്തോടെയാണ് രേണു സോഷ്യൽ മീഡിയയിൽ സുപരിചിതയാകുന്നത്. പിന്നീട് റീൽസിലൂടെയും മറ്റും ജനങ്ങളുടെ പ്രിയങ്കരിയായി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button