ട്രംപിന്റെ മരുമകൻ മൈക്കൽ ബൂലോസ് ആലപ്പുഴയിൽ; എട്ടംഗ സംഘത്തോടൊപ്പം സ്വകാര്യ സന്ദർശനം

ആലപ്പുഴ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മരുമകനും പ്രമുഖ വ്യവസായിയുമായ മൈക്കൽ ബൂലോസ് ആലപ്പുഴയിലെത്തി. എട്ടംഗ സംഘത്തോടൊപ്പമാണ് അദ്ദേഹം ആലപ്പുഴയിലെത്തിയത്. സ്വകാര്യ സന്ദർശനത്തിന്റെ ഭാഗമായാണ് മൈക്കൽ ബൂലോസ് കേരളത്തിലെത്തിയതെന്നാണ് ലഭിക്കുന്ന വിവരം.
ആലപ്പുഴയുടെ പ്രകൃതിസൗന്ദര്യവും കായൽപ്പരപ്പും ആസ്വദിക്കുന്ന സംഘത്തിന്റെ യാത്രയിൽ പ്രദേശത്തെ പ്രധാന ടൂറിസം കേന്ദ്രങ്ങളും ഉൾപ്പെടും. വൈകുന്നേരം നെഹ്‌റു ട്രോഫി വള്ളംകളിക്കായി ഒരുങ്ങുന്ന ചുണ്ടൻ വള്ളങ്ങളുടെ പരിശീലന തുഴച്ചിലും സംഘം കാണുമെന്നാണ് വിവരം. സന്ദർശനങ്ങൾ പൂർത്തിയാക്കി വൈകുന്നേരത്തോടെ മൈക്കൽ ബൂലോസ് ആലപ്പുഴയിൽ നിന്ന് മടങ്ങുമെന്നാണ് ലഭിക്കുന്ന വിവരം.
ഡോണൾഡ് ട്രംപിന്റെ മകൾ ടിഫാനി ട്രംപിന്റെ ജീവിതപങ്കാളിയാണ് അന്താരാഷ്ട്ര വ്യവസായിയായ മൈക്കൽ ബൂലോസ്. ഇന്ന് രാവിലെ ചാർട്ടേർഡ് വിമാനത്തിൽ കൊച്ചിയിലെത്തിയ ശേഷമാണ് അദ്ദേഹം ആലപ്പുഴയിലേക്ക് തിരിച്ചത്. അമേരിക്കൻ കോൺസുലേറ്റിൽ നിന്നുള്ള ഉദ്യോഗസ്ഥരും സംഘത്തെ അനുഗമിക്കുന്നുണ്ട്.
ആലപ്പുഴയിൽ എത്തിയ സംഘം ഹൗസ് ബോട്ടിൽ കായൽ സവാരി നടത്തിയതായും വിവരമുണ്ട്. കൊച്ചിയിൽ വച്ച് മുഖ്യമന്ത്രി വി.ഡി. സതീശനുമായി മൈക്കൽ ബൂലോസ് കൂടിക്കാഴ്ച നടത്തിയെന്നും റിപ്പോർട്ടുകളുണ്ട്.
മൈക്കൽ ബൂലോസിന്റെ കേരള സന്ദർശന വിവരം സംസ്ഥാന സർക്കാരിന് നേരത്തെ അറിയാമായിരുന്നുവെന്നാണ് സൂചന. എന്നാൽ സുരക്ഷാ കാരണങ്ങളാലാണ് സന്ദർശനത്തിന്റെ വിവരങ്ങൾ മുൻകൂട്ടി പുറത്തുവിടാതിരുന്നതെന്നാണ് വിവരം.
സ്വകാര്യ സന്ദർശനമാണെങ്കിലും അമേരിക്കൻ പ്രസിഡന്റിന്റെ കുടുംബാംഗത്തിന്റെ കേരള സന്ദർശനം വലിയ ശ്രദ്ധയാണ് നേടുന്നത്.



