ഡൽഹി മുംബൈ എക്‌സ്പ്രസ് വേയിൽ ദുരന്തം; ബസ് തീപിടിച്ച് ഏഴ് പേർ മരിച്ചു

ഡൽഹി-മുംബൈ എക്‌സ്പ്രസ് വേയിൽ രാജസ്ഥാനിലെ ദൗസയ്ക്ക് സമീപം ചൊവ്വാഴ്ച അർധരാത്രിയുണ്ടായ ഭയാനകമായ ബസ് അപകടത്തിൽ ഏഴ് പേർ മരണപ്പെട്ടു. ഇരുപത്തിരണ്ട് പേർക്ക് അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. ഋഷികേശിൽനിന്ന് മധ്യപ്രദേശിലെ ഇന്ദോറിലേക്ക് പോവുകയായിരുന്ന സ്ലീപ്പർ ബസ് നിയന്ത്രണം വിട്ട് ട്രെയിലർ വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ രണ്ട് വാഹനങ്ങൾക്കും തീപിടിക്കുകയും ബസ് പൊട്ടിത്തെറിക്കുകയും ചെയ്തു.

അപകടത്തിന്റെ ഭീകരതയിൽ സ്ലീപ്പർ ബർത്തിൽ കിടന്നിരുന്ന യാത്രക്കാർ താഴേക്ക് തെറിച്ചുവീണാണ് രണ്ട് പേർ മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റാണ് മറ്റ് അഞ്ച് പേർ മരണപ്പെട്ടതെന്ന് പോലീസ് സ്ഥിരീകരിച്ചു. പരിക്കേറ്റവരെ ദൗസയിലെ ജില്ലാ ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു.

അമിതവേഗതയിൽ സഞ്ചരിച്ചിരുന്ന ബസിന്റെ ഡ്രൈവർ ഉറങ്ങിപ്പോയതാവാമെന്നാണ് പോലീസ് നൽകുന്ന പ്രാഥമിക സൂചനകൾ. ബസ്സിന്റെ സ്റ്റോറേജിനുള്ളിൽ സിഗരറ്റ് പാക്കറ്റുകൾ ഉണ്ടായിരുന്നതും തീ വേഗത്തിൽ പടരാൻ കാരണമായതായി ദൃക്‌സാക്ഷികൾ പറയുന്നു.

സംഭവസ്ഥലത്ത് അഗ്നിശമനസേനയും പോലീസും ചേർന്ന് രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചെങ്കിലും ഫയർ ബ്രിഗേഡ് സ്ഥലത്തെത്താൻ വൈകിയെന്നാരോപിച്ച് നാട്ടുകാർ രംഗത്തെത്തിയിട്ടുണ്ട്. തീപിടുത്തമുണ്ടായി ഏറെ വൈകിയാണ് രക്ഷാപ്രവർത്തനം കാര്യക്ഷമമായതെന്നും, മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് ബസ്സിനുള്ളിലുണ്ടായിരുന്നവരെ പുറത്തെടുക്കാൻ സാധിച്ചതെന്നും ദൃക്‌സാക്ഷികൾ കുറ്റപ്പെടുത്തുന്നു. അപകടത്തിന്റെ യഥാർഥ കാരണം കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button