വൈദ്യുതി നിയന്ത്രണം മുൻകൂട്ടി അറിയിക്കും; ഫീഡർ തലത്തിൽ അറിയിപ്പ് സംവിധാനം നാളെ മുതൽ: സണ്ണി ജോസഫ്

തിരുവനന്തപുരം: സംസ്ഥാനത്ത് അനുഭവപ്പെടുന്ന വൈദ്യുതി പ്രതിസന്ധി കേരളം മാത്രം നേരിടുന്ന ഒരു പ്രശ്നമല്ലെന്നും ഇത് ദേശീയ തലത്തിലുള്ള പ്രതിസന്ധിയാണെന്നും വൈദ്യുതി മന്ത്രി സണ്ണി ജോസഫ് വ്യക്തമാക്കി. എൽ നിനോ പ്രതിഭാസവും കനത്ത ചൂടും കാരണം വൈദ്യുതി ഉപഭോഗം വൻതോതിൽ വർദ്ധിച്ചിട്ടുണ്ട്. ഇന്നലത്തെ വൈദ്യുതി ഉപഭോഗം 5200 മെഗാവാട്ടിൽ എത്തിയപ്പോൾ 900 മെഗാവാട്ടിന്റെ കുറവാണ് അനുഭവപ്പെട്ടത്.

ആന്ധ്രാപ്രദേശ് പോലുള്ള സംസ്ഥാനങ്ങൾ ആവശ്യകതയുടെ 86 ശതമാനവും സ്വയം ഉത്പാദിപ്പിക്കുമ്പോൾ, കേരളത്തിൽ ആവശ്യകതയുടെ 27 ശതമാനം മാത്രമാണ് ഉത്പാദിപ്പിക്കാൻ കഴിയുന്നത്. ബാക്കി വരുന്ന വൈദ്യുതി പുറത്തുനിന്ന് വാങ്ങേണ്ടതുണ്ടെങ്കിലും ആവശ്യാനുസരണം ലഭ്യമല്ലാത്ത അവസ്ഥയാണുള്ളത്.

അതിനാൽ പൊതുജനങ്ങൾ സർക്കാരിന്റെ ഈ പ്രതിസന്ധി മനസ്സിലാക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. നിലവിൽ സോളാർ വൈദ്യുതി സംഭരിക്കാനുള്ള സംവിധാനങ്ങൾ ഇല്ലാത്തത് പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കുന്നുണ്ട്. എങ്കിലും ഒക്ടോബറോടെ സോളാർ സ്റ്റോറേജ് സംവിധാനം പ്രവർത്തനക്ഷമമാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അതേസമയം, വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ടി വരുമ്പോൾ അത് ഫീഡർ തലത്തിൽ ജനങ്ങളെ മുൻകൂട്ടി അറിയിക്കാനുള്ള സംവിധാനം നാളെ മുതൽ നിലവിൽ വരുമെന്ന് മന്ത്രി അറിയിച്ചു. കൃത്യമായ സമയം പറയാൻ സാധിച്ചില്ലെങ്കിലും ഏകദേശം സമയം പൊതുജങ്ങളെ അറിയിക്കാനുള്ള നടപടികളാണ് സ്വീകരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button