വിഐപി വാഹനവ്യൂഹത്തിനായി അരമണിക്കൂർ ഗതാഗതം തടഞ്ഞു; ഗർഭിണിയായ ഭാര്യയുമായി കുടുങ്ങിയ യുവാവ് റോഡിലിരുന്ന് പ്രതിഷേധിച്ചു

ബംഗളൂരു: വിഐപി വാഹനവ്യൂഹത്തിന് വഴിയൊരുക്കാൻ ഗതാഗതം തടഞ്ഞതിനെ തുടർന്ന് ഗർഭിണിയായ ഭാര്യയുമായി ട്രാഫിക്കിൽ കുടുങ്ങിയ യുവാവ് നടുറോഡിലിരുന്ന് പ്രതിഷേധിച്ചു. ബംഗളൂരുവിലെ തിരക്കേറിയ ഓൾഡ് എയർപോർട്ട് റോഡിൽ ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.

കർണാടക ഗവർണർ താവർചന്ദ് ഗെഹ്ലോട്ടിന്റെ വാഹനവ്യൂഹം കടന്നുപോകുന്നതിനായി പൊലീസ് അരമണിക്കൂറിലേറെ സമയം ഗതാഗതം പൂർണമായും നിയന്ത്രിച്ചതോടെയാണ് പ്രതിഷേധത്തിന് തുടക്കമായത്. ഗർഭിണിയായ ഭാര്യയെ അടിയന്തരമായി ആശുപത്രിയിലെത്തിക്കാനായി യാത്രതിരിച്ച യുവാവിന്റെ കാർ ഇതേ സമയം ഗതാഗതക്കുരുക്കിൽ കുടുങ്ങുകയായിരുന്നു.

അടിപ്പാത നിർമ്മാണം പുരോഗമിക്കുന്നതിനാൽ പതിവിലും കൂടുതൽ തിരക്ക് അനുഭവപ്പെടുന്ന മേഖലയിലാണ് ഗതാഗതം തടഞ്ഞത്. ഏറെ നേരം കാത്തുനിന്നിട്ടും വാഹനങ്ങൾ നീങ്ങാത്തതിനെ തുടർന്ന് യുവാവ് കാറിൽ നിന്നിറങ്ങി റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു.

യുവാവിനെ റോഡിൽ നിന്ന് മാറ്റാൻ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥർ ശ്രമിച്ചെങ്കിലും അദ്ദേഹം വഴങ്ങാൻ തയ്യാറായില്ല. “ഒരു രാഷ്ട്രീയ നേതാവിന്റെ സമയത്തിന് നൽകുന്ന പ്രാധാന്യം സാധാരണക്കാരുടെ അടിയന്തര ആവശ്യങ്ങൾക്കും നൽകണം. ഒരു സാധാരണക്കാരന്റെ സമയവും അത്രത്തോളം വിലപ്പെട്ടതാണ്,” എന്ന് അദ്ദേഹം പൊലീസിനോട് പറഞ്ഞു.

സംഭവത്തിന്റെ ദൃശ്യങ്ങൾ മറ്റ് യാത്രക്കാർ മൊബൈൽ ഫോണിൽ പകർത്തി സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ചതോടെ വീഡിയോ വൈറലായി. ഇതോടെ വിഐപി സംസ്കാരത്തിനെതിരെയും സാധാരണ ജനങ്ങളുടെ യാത്രാ സ്വാതന്ത്ര്യത്തെ ബാധിക്കുന്ന ഗതാഗത നിയന്ത്രണങ്ങൾക്കെതിരെയും വ്യാപക വിമർശനമാണ് ഉയരുന്നത്.

രോഗികളെയും ഗർഭിണികളെയും ഉൾപ്പെടെയുള്ള സാധാരണക്കാരുടെ അടിയന്തര ആവശ്യങ്ങൾ പരിഗണിക്കാതെയുള്ള വിഐപി യാത്രാ ക്രമീകരണങ്ങൾ പുനഃപരിശോധിക്കണമെന്ന് നിരവധി പേർ സാമൂഹിക മാധ്യമങ്ങളിലൂടെ ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button