ഓടകളിലും തോടുകളിലും മാലിന്യം തള്ളുന്നവർക്ക് കനത്ത പിഴ; കർശന നടപടിയുമായി മന്ത്രി സി.പി. ജോൺ

തിരുവനന്തപുരം: സ്വീകരിക്കുമെന്ന് ഗതാഗത മന്ത്രിയും ജില്ലയിലെ ചുമതലയുള്ള മന്ത്രിയുമായ സി.പി. ജോൺ. മാലിന്യം തള്ളുന്നവരോടോ അതിന് സൗകര്യമൊരുക്കുന്ന സ്ഥാപനങ്ങളോടോ യാതൊരു ദാക്ഷിണ്യവും കാണിക്കില്ലെന്നും കനത്ത പിഴ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയെ തുടർന്ന് തിരുവനന്തപുരം നഗരത്തിൽ വ്യാപകമായ വെള്ളക്കെട്ട് രൂപപ്പെട്ട സാഹചര്യത്തിൽ വിളിച്ചുചേർത്ത ഉദ്യോഗസ്ഥരുടെ അടിയന്തര യോഗത്തിലായിരുന്നു മന്ത്രിയുടെ നിർദേശം. മാലിന്യം തള്ളൽ തടയാൻ പൊലീസ് കൂടുതൽ ജാഗ്രത പാലിക്കണമെന്നും പരിശോധനകൾ ശക്തമാക്കണമെന്നും അദ്ദേഹം നിർദേശിച്ചു.
വെള്ളക്കെട്ടിന് കാരണമായ ഘടകങ്ങൾ വിശദമായി പരിശോധിച്ച് പ്രശ്നത്തിന് ശാശ്വത പരിഹാരം കണ്ടെത്തുകയാണ് ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. വിവിധ വകുപ്പുകളുടെയും നഗരസഭയുടെയും ഏകോപിത പ്രവർത്തനത്തിലൂടെ ഹ്രസ്വകാല-ദീർഘകാല പദ്ധതികൾ നടപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
മഴക്കാല ശുചീകരണ പ്രവർത്തനങ്ങൾ, വെള്ളക്കെട്ടിലേക്ക് നയിച്ച സാഹചര്യങ്ങൾ, ഭാവിയിൽ ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കാൻ സ്വീകരിക്കേണ്ട നടപടികൾ എന്നിവ വിലയിരുത്തി മൂന്ന് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ മേജർ ഇറിഗേഷൻ വകുപ്പിനും കോർപ്പറേഷൻ അധികൃതർക്കും മന്ത്രി നിർദേശം നൽകി.
അതേസമയം, തീരശോഷണം തടയുന്നതിനായി വലിയതുറ, ശംഖുമുഖം മേഖലകളിൽ ജിയോ ബാഗുകൾ സ്ഥാപിക്കുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും തീരദേശവാസികളുടെ ആശങ്കകൾ പരിഹരിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
സെക്രട്ടേറിയറ്റ് ദർബാർ ഹാളിൽ നടന്ന യോഗത്തിൽ ജില്ലാ കളക്ടർ അനുകുമാരി, എഡിഎം നിർമൽ കുമാർ ജി, തഹസിൽദാർമാർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. റോഡരികിലെ അപകടസാധ്യതയുള്ള മരച്ചില്ലകൾ മുറിച്ചുമാറ്റുമ്പോൾ ശാസ്ത്രീയ രീതികൾ പാലിക്കണമെന്നും ജില്ലാ കളക്ടർ നിർദേശിച്ചു.



