ആമിർ ഖാനെ ലക്ഷ്യമിട്ട് ഭീഷണി; ലോറൻസ് ബിഷ്‌ണോയ് സംഘത്തിന്റെ സന്ദേശം

മുംബയ്: ബോളിവുഡ് സൂപ്പർതാരം ആമിർ ഖാന് ലോറൻസ് ബിഷ്‌ണോയ് സംഘത്തിന്റെ ഭീഷണി. ഇതുസംബന്ധിച്ച ഒരു സാമൂഹിക മാദ്ധ്യമ പോസ്റ്റും ഓഡിയോ ക്ളിപ്പും സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുകയാണ്. ലോറൻസ് ബിഷ്‌ണോയിയുടെ സഹോദരൻ അർസു ബിഷ്‌ണോയിയും ടൈസൺ ബിഷ്‌ണോയിയുമാണ് പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. അർസു ബിഷ്‌ണോയിയുടെ ഓഡിയോ ക്ളിപ്പാണ് പ്രചരിക്കുന്നത്. എന്നാൽ ഇവ രണ്ടിന്റെയും ആധികാരികത വ്യക്തമല്ല.

ഞങ്ങൾ അർസു ബിഷ്‌ണോയിയും ടൈസൺ ബിഷ്‌ണോയിയുമാണ് (ലോറൻസ് ബിഷ്‌ണോയി സംഘാംഗം). നമ്മുടെ രാജ്യത്ത് ‘ലവ് ജിഹാദ്’ എന്ന പേരിൽ രാജ്യത്തിന്റെ സംസ്കാരത്തിന് വിരുദ്ധമായുള്ള കാര്യങ്ങൾ പ്രചരിപ്പിക്കുന്ന ആമിർ ഖാനെപ്പോലുള്ളവരെ ഒരിക്കലും വെറുതെ വിടില്ല. ഇതിന് വളരെ വേഗം മറുപടി നൽകും. ഞങ്ങൾക്കിത് സനാതന ധർമ്മത്തിനും രാജ്യത്തിനും എതിരാണ്’- ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്നത്.

‘ഇത്തരം കാര്യങ്ങളെ പ്രോത്സാഹിപ്പിക്കുന്നവർക്ക് നമ്മുടേതായ രീതിയിൽ മറുപടി നൽകുമെന്ന് നമ്മുടെ സഹോദരങ്ങളോടും സഹോദരിമാരോടും പൗരന്മാരോടും വാഗ്ദാനം ചെയ്യുന്നു. സ്റ്റാർഡത്തിന്റെ പേരിൽ ഇത്തരം കാര്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നവരുടെ അഹങ്കാരം തച്ചുടയ്ക്കും’- പോസ്റ്റിൽ വ്യക്തമാക്കുന്നു.ആമിർ ഖാൻ മൂന്നാമതും വിവാഹിതനായതിനുശേഷം ലവ് ജിഹാദ് ആരോപണങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു. പിന്നാലെ നടൻ വിഷയത്തിൽ പ്രതികരിക്കുകയും ചെയ്തു. ‘ഞങ്ങളുടേത് എല്ലാവരെയും ഉൾക്കൊള്ളുന്ന ഒരു കുടുംബമാണ്.

എന്റെ രണ്ട് സഹോദരിമാരും ഹിന്ദുക്കളെയാണ് വിവാഹം കഴിച്ചിരിക്കുന്നത്. എന്റെ മകളും ഒരു ഹിന്ദുവിനെയാണ് വിവാഹം കഴിച്ചിരിക്കുന്നത്. എന്റെ കസിൻ മൻസൂർ ഒരു ക്രിസ്ത്യാനിയെയാണ് വിവാഹം കഴിച്ചിരിക്കുന്നത്. ഗൗരിയോ കിരണോ റീനയോ മതം മാറിയിട്ടില്ല. കാരണം ഞങ്ങളുടേത് സിവിൽ വിവാഹങ്ങളായിരുന്നു. ഗൗരി ഹിന്ദുവല്ല, ക്രിസ്ത്യാനിയാണ്. എന്നാൽ ക്രിസ്തീയ ജീവിതം നയിക്കുന്നുമില്ല. കാലം കഴിയുന്തോറും ജീവിതം കൂടുതൽ രസകരമാവുകയാണ്’- എന്നാണ് ലവ് ജിഹാദിന്റെ ബ്രാൻഡ് അംബാസഡറെന്ന പരിഹാസങ്ങളിൽ ആമിർ ഖാൻ പ്രതികരിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button