നിയമസഭയില്‍ ഇത്തവണ 34 അംഗങ്ങള്‍ക്ക് സമാന പേരുകള്‍; പേരു വിളിക്കുമ്പോള്‍ സ്പീക്കര്‍ ശ്രദ്ധിക്കണം; ഒരക്ഷരം മാറിയാല്‍ത്തന്നെ ആളുമാറും

ഇത്തവണ 140 നിയമസഭാംഗങ്ങളില്‍ 34 പേർക്ക് സമാന പേരുകള്‍. സ്പീക്കറായി ഇന്നു തിരഞ്ഞെടുക്കപ്പെടുന്ന തിരുവഞ്ചൂർ രാധാകൃഷ്ണൻ ഇനി സഭയില്‍ പേരുവിളിക്കുമ്പോള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ഉദ്ദേശിക്കുന്ന ആളായിരിക്കില്ല പ്രസംഗിക്കാൻ എഴുന്നേല്‍ക്കുക.
വിളിക്കുന്ന പേരിലെ ഒരക്ഷരം മാറിപ്പോയാല്‍ത്തന്നെ ആളുമാറും.
മന്ത്രി കെ.മുരളീധരനെ വിളിക്കുമ്പോള്‍ ഇനിഷ്യല്‍ ചേർത്തു വിളിച്ചില്ലെങ്കില്‍ ബിജെപിയിലെ വി.മുരളീധരൻ എഴുന്നേല്‍ക്കാം. അതുപോലെ തിരിച്ചുമാകാം. മന്ത്രി രമേശ് ചെന്നിത്തലയോട് എന്തെങ്കിലും നിർദേശിക്കുമ്പോള്‍ ചെന്നിത്തല എന്നു കൂടി ചേർക്കണം. അല്ലെങ്കില്‍ നിർദേശം അനുസരിക്കുക രമേഷ് പിഷാരടി ആണെങ്കിലോ! ഇവർക്കു പുറമേ സഭയില്‍ ഏറ്റവും സമാന പേരുകാർ ഈ 2 പേരാണ്: വി.ജോയിയും വി.എസ്.ജോയിയും. ഒരാള്‍ സിപിഎമ്മും മറ്റേയാള്‍ കോണ്‍ഗ്രസും.
രാജൻമാർ 3 പേരുണ്ട്. കെ.രാജൻ, കാരായി രാജൻ, രാജൻ ജെ.പല്ലൻ. മറ്റൊരാള്‍ക്ക് ചെറിയൊരു വ്യത്യാസം മാത്രം; എഫ്.രാജ. തളിപ്പറമ്പില്‍ നിന്നു യുഡിഎഫ് സ്വതന്ത്രനായി ജയിച്ച ടി.കെ.ഗോവിന്ദന് കൂട്ടായി കാഞ്ഞങ്ങാട്ടു നിന്നുള്ള ഗോവിന്ദൻ പള്ളിക്കാപ്പിലുണ്ട്. മുൻ മന്ത്രി പി.എ.മുഹമ്മദ് റിയാസിന്റെയും കൊച്ചിയുടെ പ്രതിനിധി മുഹമ്മദ് ഷിയാസിന്റെയും പേരുകള്‍ തമ്മില്‍ ഒരക്ഷരത്തിന്റെ അകലം മാത്രമേയുള്ളൂ. നെന്മാറയിലെ കെ.പ്രേമനും ഒറ്റപ്പാലത്തെ കെ.പ്രേംകുമാറും ഒരേ പാർട്ടിക്കാരും സമാന പേരുകാരും മാത്രമല്ല, ഒരേ ഇനിഷ്യലുകാർ കൂടിയാണ്.
എ.പി.അനില്‍കുമാർ- ജി.ആർ.അനില്‍, എ.കെ.എം.അഷ്റഫ്- ടി.പി.അഷ്റഫ് അലി, ഒ.ജെ.ജനീഷ്- കെ.യു.ജനീഷ്കുമാർ, എ.സി.മൊയ്തീൻ- കുറുക്കോളി മൊയ്തീൻ, പി.കെ.പ്രവീണ്‍- കെ.പ്രവീണ്‍കുമാർ, ഷിബു ബേബി ജോണ്‍- ഷിബു തെക്കുംപുറം, സുമേഷ് അച്യുതൻ- കെ.വി.സുമേഷ്, എ.ഡി.തോമസ്- തോമസ് ഉണ്ണിയാടൻ, പി.സി.വിഷ്ണുനാഥ്- വിഷ്ണുമോഹൻ എന്നിവരാണു സാമ്യമുള്ള മറ്റു പേരുകള്‍. അപു ജോണ്‍ ജോസഫിനെയും സി.പി.ജോണിനെയും ഷിബു ബേബി ജോണിനെയും സമാനരാക്കി പേരുകളില്‍ ജോണുണ്ട്.



