പിണറായിക്ക് ഇനി വൈ കാറ്റഗറി സുരക്ഷ; സെഡ് പ്ലസ് പിൻവലിച്ചു

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി കൂടിയായ പ്രതിപക്ഷ നേതാവ് പിണറായി വിജയൻക്ക് നൽകിയിരുന്ന സെഡ് പ്ലസ് കാറ്റഗറി സുരക്ഷ സർക്കാർ പിൻവലിച്ചു. മുഖ്യമന്ത്രിസ്ഥാനം ഒഴിഞ്ഞതോടെയാണ് അതിസുരക്ഷ ഒഴിവാക്കിയത്. ഇനി മുതൽ വൈ കാറ്റഗറി സുരക്ഷയായിരിക്കും അദ്ദേഹത്തിന് ലഭിക്കുക.

പ്രതിപക്ഷ നേതാവും മുൻ മുഖ്യമന്ത്രിയും എന്ന നിലയിലെ പരിഗണനകളുടെ അടിസ്ഥാനത്തിലാണ് പുതിയ സുരക്ഷാ ക്രമീകരണം. സെഡ് പ്ലസ് സുരക്ഷ പിൻവലിച്ചതോടെ പിണറായി വിജയനൊപ്പമുണ്ടായിരുന്ന ഗൺമാനെയും ഒഴിവാക്കി. നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച കേസിൽ പ്രതിയായിരുന്ന ഗൺമാൻ സന്ദീപ് സുരക്ഷാ സംഘത്തിൽ നിന്ന് മാറ്റപ്പെട്ടു. അതോടെ സന്ദീപ് വീണ്ടും പൊലീസ് വകുപ്പിലേക്ക് മടങ്ങേണ്ടിവന്നു.

അതേസമയം, അതേ കേസിലെ മറ്റൊരു പ്രതിയായ സുരക്ഷാ ഉദ്യോഗസ്ഥൻ അനിൽകുമാർ ഇപ്പോഴും പിണറായിക്കൊപ്പമുണ്ടെന്നാണ് വിവരം. ഗൺമാനെ ഒഴിവാക്കിയതിന് പകരമായി രണ്ട് പി.എസ്.ഒമാരെ നിയോഗിച്ചിട്ടുണ്ട്. എസ്കോർട്ട് വാഹന സംവിധാനം ഒഴിവാക്കിയെങ്കിലും പൈലറ്റ് വാഹനം തുടരും. കൂടാതെ, വീട്ടിലെ സുരക്ഷയ്ക്കായി പൊലീസിനെ നിയോഗിക്കാനും തീരുമാനമായി.

സുരക്ഷാ ഭീഷണി വിലയിരുത്തുന്ന ആഭ്യന്തര സുരക്ഷാ കമ്മിറ്റിയാണ് കൂടുതൽ പൊലീസ് സേന വേണമോയെന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക.

ഇതിനിടെ, നവകേരള സദസിനിടെയുണ്ടായ മർദന സംഭവത്തിൽ നാല് ഗൺമാന്മാർക്കെതിരെ നടപടി സ്വീകരിക്കാനുള്ള നീക്കവും ശക്തമായി. മർദനം ചട്ടവിരുദ്ധമാണെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. എസ്.പി ഷൗക്കത്തലി ഉടൻ തന്നെ ഡി.ജി.പിക്ക് റിപ്പോർട്ട് കൈമാറും.

ദൃശ്യങ്ങളിൽ പൊലീസിന്റെ മർദന നടപടി വ്യക്തമായി കാണുന്നുണ്ടെന്നും അന്വേഷണസംഘം വ്യക്തമാക്കുന്നു. എം.എൽ.എ എ.ഡി. തോമസ്, യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി അജയ് ജ്യുവൽ കുര്യാക്കോസ് എന്നിവരെയാണ് ഗൺമാന്മാർ മർദിച്ചതെന്നാണ് കേസ്.

കേസുമായി ബന്ധപ്പെട്ട ഫയലുകൾ ജില്ലാ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ഓഫീസിൽ നിന്ന് വിളിച്ചുവരുത്തി, എസ്.പി ഷൗക്കത്തലിയും സംഘവും അന്വേഷണ നടപടികളും സാക്ഷിമൊഴികളും വിശദമായി പരിശോധിച്ചതായും റിപ്പോർട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button