കോക്രോച്ച് ജനതാ പാർട്ടിക്ക് പിന്തുണയുമായി ശശി തരൂർ; എക്സ് അക്കൗണ്ട് ബ്ലോക്ക് ചെയ്തത് തെറ്റെന്ന് വിമർശനം

ന്യൂഡൽഹി: സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ച ‘കോക്രോച്ച് ജനതാ പാർട്ടി’ (CJP) തരംഗം പ്രതിപക്ഷം കൈവിട്ടുകളയരുതെന്ന് ശശി തരൂർ എം.പി. അഭിപ്രായപ്പെട്ടു. യുവാക്കളുടെ വികാരങ്ങളും നിരാശകളും പ്രതിഫലിപ്പിക്കുന്ന ഈ പ്രവണതയെ രാഷ്ട്രീയമായി മനസിലാക്കി സമീപിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

സിജെപിയുടെ ഔദ്യോഗിക എക്സ് അക്കൗണ്ട് ഇന്ത്യയിൽ ബ്ലോക്ക് ചെയ്ത നടപടിയെയും തരൂർ രൂക്ഷമായി വിമർശിച്ചു. “യുവാക്കൾക്ക് അവരുടെ വികാരങ്ങൾ പ്രകടിപ്പിക്കാൻ വേദികൾ ആവശ്യമാണ്. വിയോജിപ്പുകളും തമാശകളും ആക്ഷേപഹാസ്യങ്ങളും തുറന്ന് പറയാൻ അവസരം നൽകേണ്ടത് ഒരു ജനാധിപത്യ സമൂഹത്തിന്റെ ബാധ്യതയാണ്,” എന്ന് അദ്ദേഹം എക്സിൽ കുറിച്ചു.

ഇൻസ്റ്റഗ്രാമിൽ കോടിക്കണക്കിന് ഫോളോവേഴ്സിനെ നേടിയ കോക്രോച്ച് ജനതാ പാർട്ടിയുടെ പെട്ടെന്നുള്ള ഉയർച്ച തനിക്ക് കൗതുകമുണ്ടാക്കിയെന്നും തരൂർ വ്യക്തമാക്കി. ബുധനാഴ്ചയാണ് രണ്ട് ലക്ഷത്തിലധികം ഫോളോവേഴ്സുണ്ടായിരുന്ന സിജെപിയുടെ ഔദ്യോഗിക എക്സ് അക്കൗണ്ട് ഇന്ത്യയിൽ ബ്ലോക്ക് ചെയ്തത്.

“യുവാക്കളുടെ നിരാശയും നിസ്സഹായതയും എനിക്ക് മനസിലാകുന്നു. അതുകൊണ്ടാണ് അവർ ഈ കൂട്ടായ്മയെ ഇത്രത്തോളം പിന്തുണയ്ക്കുന്നത്. അക്കൗണ്ട് പൂട്ടിമുദ്രവയ്ക്കുന്നതിന് പകരം പ്രവർത്തിക്കാൻ അനുവദിക്കുകയാണ് വേണ്ടത്,” എന്നും തരൂർ അഭിപ്രായപ്പെട്ടു.

ഈ പ്രസ്ഥാനത്തിന്റെ ഭാവി എന്താകുമെന്ന് വ്യക്തമല്ലെങ്കിലും, ഇതിന് പിന്നിൽ പ്രവർത്തിക്കുന്ന യുവാക്കൾ അവരുടെ ഊർജ്ജം മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. യുവാക്കളെ തങ്ങളിലേക്ക് ആകർഷിക്കാൻ ഈ തരംഗം പ്രതിപക്ഷം ഉപയോഗപ്പെടുത്തണമെന്നും തരൂർ നിർദേശിച്ചു.

‘കോക്രോച്ച് ജനതാ പാർട്ടി’യുടെ സ്ഥാപക പ്രസിഡന്റ് എന്ന് സ്വയം വിശേഷിപ്പിക്കുന്ന അഭിജീത് ദിപ്കെയാണ് പ്ലാറ്റ്‌ഫോമിന് പിന്നിൽ. വിരമിച്ച ചീഫ് ജസ്റ്റിസുമാർക്ക് രാജ്യസഭാ സീറ്റുകൾ നൽകുന്നത് നിരോധിക്കുക, പാർലമെന്റിന്റെ അംഗസംഖ്യ കൂട്ടാതെ സ്ത്രീകൾക്ക് 50 ശതമാനം സംവരണം നൽകുക, പാർട്ടി മാറുന്ന ജനപ്രതിനിധികൾക്ക് 20 വർഷത്തെ വിലക്ക് ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉൾപ്പെട്ട പ്രകടനപത്രികയും സിജെപി പുറത്തിറക്കിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button