പ്രോട്ടോക്കോള്‍ സിസ്റ്റം അനുസരിച്ച് സ്പീക്കര്‍ വളരെ മുകളിലെന്ന് തിരുവഞ്ചൂര്‍; ‘തഴയപ്പെട്ടു എന്നൊരു വാക്കേ ഉപയോഗിക്കരുത്’

ഈ നിയമസഭയില്‍ സ്പീക്കറിന്റെ ചുമതല ഏറെ ഉത്തരവാദിത്തം ഉള്ളതാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ
അനുഭവപരിചയമുള്ള ആള് വേണമെന്ന് പാര്‍ട്ടി തീരുമാനിച്ചാല്‍ അത് അംഗീകരിച്ച് കൊണ്ട് മുന്നോട്ട് പോകും. പ്രോട്ടോക്കോള്‍ സിസ്റ്റം അനുസരിച്ച് സ്പീക്കര്‍ വളരെ മുകളിലാണ്. അതുകൊണ്ട് ഈ തീരുമാനത്തെ എതിര്‍ക്കുകയുമില്ല. ഏറ്റവും പ്രധാനപ്പെട്ട കാര്യം പാര്‍ട്ടി എടുക്കുന്ന തീരുമാനമാണ്. അത് വളരെ അച്ചടക്കത്തോടെ അംഗീകരിക്കുമെന്നും തിരുവഞ്ചൂര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
മന്ത്രിസഭയില്‍ നിന്ന് തഴഞ്ഞതല്ല. ഇത് തന്റെ മുൻഗണനയാണ്. സ്പീക്കര്‍ വേണോ മറ്റ് പലതും വേണമോയെന്ന് ചോദിച്ചു. തനിക്ക് സ്പീക്കര്‍ഷിപ്പിനോടാണ് താത്പര്യം. എല്ലാവരോടുമായും സ്നേഹത്തില്‍ പോകാൻ പറ്റും. തഴയപ്പെട്ടു എന്നൊരു വാക്കേ ഉപയോഗിക്കരുത്. സ്പീക്കര്‍ എന്ന നിലയില്‍ അച്ചടക്കത്തിനാണ് പ്രാധാന്യം കൊടുക്കുക. സഭ ഭംഗിയായി നടത്തിക്കൊണ്ട് പോകാൻ ആളെന്ന നിലയിലാണ് ഈ ഉത്തരവാദിത്തം ഏല്‍പ്പിച്ചിട്ടുള്ളതെന്നും തിരുവഞ്ചൂർ കൂട്ടിച്ചേർത്തു.
അതേസമയം, യുഡിഎഫ് മന്ത്രിസഭയില്‍ വൈദ്യുതി വകുപ്പ് ലഭിച്ച കെ മുരളീധരൻ കടുത്ത അതൃപ്തിയിലാണ്. വകുപ്പില്‍ എതിർപ്പ് അറിയിച്ച മുരളീധരൻ വൈദ്യുതിയെങ്കില്‍ ചുമതല ഏല്‍ക്കാനില്ലെന്ന് വ്യക്തമാക്കിയതായാണ് വിവരം. നേരത്തെ ആരോഗ്യ വകുപ്പാണ് മുരളീധരൻ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ വി ഡി സതീശൻ മന്ത്രിസഭയില്‍ വകുപ്പുകള്‍ കെ സി വേണുഗോപാല്‍ വിഭാഗം കയ്യടക്കിയതോടെയാണ് മുരളീധരന് വകുപ്പ് നഷ്ടപ്പെട്ടത്. കെസി വേണുഗോപാല്‍ വിഭാഗത്തിന്റെ ഭാഗമായ എ.പി. അനില്‍കുമാറിനാണ് ആരോഗ്യം ലഭിച്ചിരിക്കുന്നത്. 2004-ല്‍ എ.കെ. ആന്റണി മന്ത്രിസഭയിലും മുരളീധരൻ മൂന്ന് മാസത്തോളം വൈദ്യുതി മന്ത്രിയായിരുന്നു. വീണ്ടും അതേ വകുപ്പ് തന്നെ നല്‍കിയതിലാണ് അദ്ദേഹം തന്റെ ശക്തമായ വിയോജിപ്പ് നേതൃത്വത്തെ അറിയിച്ചത്.



