12 കോണ്‍ഗ്രസ് മന്ത്രിമാരില്‍ 9 പേരും മുഖ്യമന്ത്രിസ്ഥാനത്തേക്ക് പിന്തുണിച്ചത് കെ സി വേണുഗോപാലിനെ

മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള യുദ്ധത്തില്‍ പരാജയപ്പെട്ടുവെങ്കിലും വി.ഡി. സതീശൻ മന്ത്രിസഭയില്‍ അപ്രമാദിത്വം ഉറപ്പിച്ച് കെ.സി.വേണുഗോപാല്‍. മുഖ്യമന്ത്രിപോരില് തനിക്കൊപ്പം നിന്നതില്‍ ശക്തരായവർക്ക് വിഡിഎസ് ക്യാബിനറ്റില്‍ നിർണ്ണായക വകുപ്പുകള്‍ ഉറപ്പാക്കാൻ കെ.സി. വേണുഗോപാലിന് കഴിഞ്ഞിട്ടുണ്ട്.
ആകെയുള്ള 12 മന്ത്രി മാരില്‍ വേണുഗോപാലിനെ മുഖ്യമന്ത്രിസ്ഥാനത്തേക്ക് പിന്തുണച്ച ഒമ്പത് കോണ്‍ഗ്രസ് എംഎല്‍എമാർ പുതിയ മന്ത്രിസഭയില്‍ ഇടംപിടിച്ചിട്ടുണ്ട്. സണ്ണി ജോസഫ്, എ.പി. അനില്‍കുമാർ, റോജി എം. ജോണ്‍, ഒ.ജെ. ജനീഷ്, പി.സി. വിഷ്ണുനാഥ്, എപി അനില്‍കുമാർ,ബിന്ദു കൃഷ്ണ,ടി സിദ്ദിഖ് അടക്കം കെ.സി. പക്ഷത്ത് നിന്നാണ് കൂടുതല്‍ മന്ത്രിമാരും. ആദ്യം സതീശൻ ഒപ്പം ആയിരുന്നെങ്കിലും പിന്നീട് കെ എ തുളസി വേണുഗോപാല്‍ പക്ഷത്ത് എത്തി. പാലക്കാട് എംപി വികെ ശ്രീകണ്ഠന്റെ ഭാര്യയാണ് തുളസി.മുരളീധരൻ്റെ ഗ്രൂപ്പ് സംബന്ധിച്ച് വ്യക്തതയില്ല.
മന്ത്രിസഭാ രൂപീകരണത്തിന്റെ ആദ്യ ഘട്ടം മുതല്‍ പരിഗണനാ പട്ടികയിലുണ്ടായിരുന്ന ചാണ്ടി ഉമ്മൻ അടക്കമുള്ള പ്രമുഖർ അന്തിമ നിമിഷത്തില്‍ പുറത്തായപ്പോള്‍, ഒ. ജെ. ജനീഷ്, റോജി എം. ജോണ്‍ എന്നിവർ അവസാന നിമിഷം തങ്ങളുടെ മന്ത്രിസ്ഥാനം ഉറപ്പിക്കുകയായിരുന്നു. ഷാനിമോള്‍ ഉസ്മാനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താനായി മുഖ്യമന്ത്രി വി. ഡി. സതീശനും, അൻവർ സാദത്തിനും ഐസി ബാലകൃഷ്ണനും വേണ്ടി രമേശ് ചെന്നിത്തലയും ശക്തമായി പരിശ്രമിച്ചെങ്കിലും വിജയം കണ്ടില്ല.44 എംഎല്‍എമാർ മുഖ്യമന്ത്രിസ്ഥാനത്തേക്ക് വേണുഗോപാലിനെ പിന്തുണച്ചതായി റിപ്പോർട്ടുകള്‍ ഉണ്ടായിരുന്നു.



