“‘കള്ളൻ വിജയൻ’ ലേഖനം വിവാദത്തിൽ; ദേശാഭിമാനി എഡിറ്റർക്കെതിരെ കാരണം കാണിക്കൽ നോട്ടീസ്”

തിരുവനന്തപുരം: ദേശാഭിമാനി വാരാന്തപ്പതിപ്പുമായി ബന്ധപ്പെട്ട് വിവാദത്തിൽ എഡിറ്റർ കെ ആർ അജയന് കാരണം കാണിക്കൽ നോട്ടീസ് നൽകി. ഇന്ന് നാലുമണിക്ക് മുൻപ് വിശദീകരണം നൽകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ലേഖനത്തിന്റെ പേരിൽ അനാവശ്യ വിവാദം ഉണ്ടാക്കിയതിനാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. വിവാദ ലേഖനത്തിന് ‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് മാറ്റാൻ ആവശ്യപ്പെട്ടിട്ടും തയ്യാായില്ലെന്നും വിമർശനമുണ്ട്. വിവാദം മാദ്ധ്യമങ്ങളെ അറിയിച്ചെന്നും നോട്ടീസിൽ കുറ്റപ്പെടുത്തുന്നുണ്ട്.
ഇന്നലെ മുൻമുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ഓർമ്മക്കുറിപ്പ് കവർ സ്റ്റോറിയായി ഉൾപ്പെടുത്തിയ ദേശാഭിമാനി വാരാന്തപ്പതിപ്പ് പുറത്തിറങ്ങിയില്ല. ‘കള്ളൻ വിജയൻ” എന്ന പേരിൽ അവസാന പേജിൽ പ്രസിദ്ധീകരിച്ച ലേഖനത്തെച്ചൊല്ലിയുള്ള തർക്കമാണ് കാരണം.വി എസിന്റെ ഒന്നാം ചരമവാർഷികത്തിനോടനുബന്ധിച്ചാണ് വാരാന്തപ്പതിപ്പിൽ വി എസ് ഓർമ്മക്കുറിപ്പ് ഉൾപ്പെടുത്തിയത്.
വിഎസിന്റെ മുൻ പ്രസ് സെക്രട്ടറിയും വിവരാവകാശ കമ്മിഷണറുമായിരുന്ന കെ വി സുധാകരൻ എഴുതിയ ‘മുഴങ്ങുന്നിപ്പോഴും ആ കടലിരമ്പം” എന്ന പേരിലുള്ളതാണ് ഓർമ്മക്കുറിപ്പ്. പതിപ്പിന്റെ അവസാന പേജിൽ ടി.സി.രാജേഷ് എഴുതിയ ‘കള്ളൻ വിജയൻ ധന്യ നാടക ഗ്രാമം മുത്തിപ്പാറ പി.ഒ” എന്ന തലക്കെട്ടിലുള്ള ലേഖനത്തെച്ചൊല്ലി എഡിറ്റോറിയൽ ബോർഡിൽ തർക്കമുണ്ടായെന്നാണ് സൂചന.പുല്ലംപാറ ഗ്രാമപഞ്ചായത്തിലെ മുട്ടിപ്പാറയിലെ വിജയൻ എന്ന നാടകപ്രവർത്തകനെക്കുറിച്ചാണ് ലേഖനം.
വിജയന്റെ ഉടമസ്ഥതയിലുള്ളതാണ് ധന്യ നാടക ഗ്രാമം. മാതാപിതാക്കൾ ഓമനിച്ചു വിളിച്ച കൊച്ചുകള്ളനെന്ന പേര് പിന്നീട് പേരിനൊപ്പം ചേരുകയായിരുന്നു. ‘കള്ളൻ വിജയൻ” എന്ന തലക്കെട്ട് അനാവശ്യ തെറ്റിദ്ധാരണകൾക്കും ട്രോളുകൾക്കും ഇടയാക്കുമെന്ന് എഡിറ്റോറിയൽ ബോർഡിലെ ചിലർ ചൂണ്ടിക്കാട്ടി. തുടർന്ന് വിതരണം തടയുകയായിരുന്നെന്നാണ് വിവരം. വാരാന്തപ്പതിപ്പ് പുറത്തിറങ്ങാത്തത് സാങ്കേതിക കാരണങ്ങൾ കൊണ്ടാണെന്ന് ദേശാഭിമാനി റസിഡന്റ് എഡിറ്റർ എം.സ്വരാജ് പറഞ്ഞിരുന്നു.



