സിപിഐഎം കോട്ട തകര്‍ക്കാന്‍ കരുണാകരന് 1996 ല്‍ കണ്ടെത്തിയ യുവപോരാളി ; സതീശന് മുന്നില്‍ പറവൂര്‍ തലകുനിച്ചു, വിജയ തട്ടകമായി

സി.പി.എം. ശക്തികേന്ദ്രമായിരുന്ന വടക്കന്‍ പറവൂര്‍ നിയോജക മണ്ഡലമെന്ന കോട്ട തകര്‍ക്കാന്‍ 1996 ല്‍ കെ.കരുണാകരന് കണ്ടെത്തിയ ആ യുവപോരാളി ഇന്നു കേരളത്തിന്റെ മുഖ്യമന്ത്രിയാകുമ്പോള്‍ ആ കാഴ്ച കാണാന്‍ ലീഡര്‍ ഇല്ല. എറണാകുളം ജില്ലയില്‍നിന്നുള്ള ആദ്യ മുഖ്യമന്ത്രി. ജില്ലയുടെ തെക്കേയറ്റമായ നെട്ടൂരില്‍നിന്ന് 32-ാം വയസില്‍ കന്നിമത്സരത്തിനു വടക്കന്‍ പറവൂരില്‍ ചെന്ന വി.ഡി.സതീശന് എന്ന അഭിഭാഷകന് അന്ന് പറവൂര്കോട്ടയില് വിള്ളല്‍ വീഴ്ത്താന്‍ കഴിഞ്ഞില്ല.
‘യുവത്വത്തിന്റെ തീനാമ്പിനെ വിജയിപ്പിക്കുക’ എന്നായിരുന്നു അന്ന് ചുമരെഴുത്ത്. എന്നാല്‍, നാട്ടുകാരനല്ലാത്ത സതീശന് കേവലം ആയിരത്തില്‍പരം വോട്ടുകള്‍ക്ക് സി.പി.ഐയുടെ പി. രാജുവിനോട് തോറ്റു മടങ്ങുമ്പോള്‍, കെ.കരുണാകരന് അതൊരു തോല്‍വിയായിരുന്നില്ല. പകരം, ജില്ലയില്‍ നായര്‍ സമുദായാംഗത്തിന് നല്‍കേണ്ട സീറ്റില്‍ മറ്റൊരാളെ ഒഴിവാക്കാന്‍ ലീഡര്‍ കണ്ടെത്തിയ വഴിയായിരുന്നു സതീശന്റെ സ്ഥാനാര്‍ഥിത്വം. കൊച്ചിയില്‍ കരുണാകരന്റെ വലംകൈയായി പില്ക്കാലം അറിയപ്പെട്ടിരുന്ന എന്‍. വേണുഗോപാല്‍ ’96 ല്‍ അദ്ദേഹവുമായി ഉടക്കിലായിരുന്നു.
പില്ക്കാലം പറവൂര്‍ സ്വന്തം വിജയ തട്ടകമാക്കിയ സതീശന് മുന്നില്‍, ഇന്നിതാ മറ്റൊരു വേണുഗോപാല്‍ വഴിമാറിയിരിക്കുന്നു;കെ സി. വേണുഗോപാല്‍ എന്ന അതിശക്തന്‍! നെട്ടൂരില്‍നിന്ന് അഞ്ചു കിലോമീറ്റര്‍ നടന്ന് പനങ്ങാട് പഠിക്കാന്‍ പോയിരുന്ന സതീശന് സ്കൂള്‍ വിട്ടത് സ്കൂള്‍ ലീഡര്‍ എന്ന ഗമയോടെയാണെന്നു സുഹൃത്തുക്കള്‍ ഓര്‍ക്കുന്നു. തേവര കോളജില്‍ ചേരുമ്പോള്‍ പി.ടി. തോമസായിരുന്നു സതീശന്റെ ആദ്യ രാഷ്ട്രീയ ഗുരുവെന്ന് അന്ന് കോളജില്‍ ജൂനിയര്‍ ആയിരുന്ന, തൊട്ടടുത്ത ഗ്രാമമായ കുമ്പളത്തു നിന്ന് പിന്നീട് കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെത്തിയ പോളച്ചന് മണിയന്‍കോട് പറയുന്നു.
സതീശന് പിന്നീട് ജി. കാര്‍ത്തികേയന്റെ അനുയായിയായത് ചരിത്രം. നെട്ടൂരില്‍നിന്ന് കടത്തുകടന്ന് തേവര കോളേജില്‍ എത്തിയ സതീശന് അവിടെ യൂണിവേഴ്സിറ്റി യൂണിയന് ചെയര്‍മാനായിരിക്കെ വിദ്യാര്‍ഥി സംഘര്‍ഷത്തിന്റെ പേരില്‍ പഠനം മുറിഞ്ഞു. എന്നാല്‍ സതീശനിലെ നേതാവ് അപ്പോഴും ഉണര്‍ന്നിരുന്നു. രാജഗിരി കോളേജില്‍ സോഷ്യല്‍ സയന്‍സ് ഡിപ്ലോമയ്ക്ക് ചേര്‍ന്ന് പഠിക്കുമ്പോള്‍ യൂണിവേഴ്സിറ്റി യൂണിയന് ചെയര്‍മാനായി ആ നേതൃപാടവം വീണ്ടും തെളിയിച്ചു.
പത്തു വര്‍ഷത്തോളം ഹൈക്കോടതിയില്‍ അഭിഭാഷകനായി പ്രാക്ടീസ് ചെയ്ത ശേഷമാണ് അദ്ദേഹം പൂര്‍ണസമയ രാഷ്ട്രീയത്തിലേക്കു തിരിഞ്ഞത്. അഞ്ചുമക്കളില്‍ നാലാമനായ സതീശന് നെട്ടൂരിലെ കുടുംബവീട്ടില്‍ സഹോദരങ്ങളെ കാണാന്‍ ഇടയ്ക്ക് എത്തുമെങ്കിലും പണ്ട് പറവൂര്‍ മണ്ഡലത്തിന്റെ ഭാഗമായിരുന്ന ദേശത്ത്, ഭാര്യ ലക്ഷ്മിപ്രിയയ്ക്കും മകള്‍ ഉണ്ണിമായയ്ക്കുമൊപ്പം തനി പറവൂര്ക്കാരനായി കഴിയുന്ന നേതാവാണ്. എറണാകുളം ടൗണ്‍ഹാളില്‍ നടന്ന വിവാഹ സല്‍ക്കാരം ബിസ്ക്കറ്റിലും ചായയിലും ഒതുക്കി ലാളിത്യത്തിന്റെ സന്ദേശം കൂടി നല്കി വി.ഡി. സതീശന് എന്ന പൊതുപ്രവര്ത്തകന്



