സിപിഐയുടെ കോട്ടയം സമ്മേളനത്തിൻ്റെ ഭാഗമായി തയ്യാറാക്കിയ പോസ്റ്ററിൽ ത്രിവർണ്ണ പതാകയേന്തിയ ഭാരതാംബയുടെ ചിത്രം; പിൻവലിച്ചെന്ന് ജില്ലാ നേതൃത്വം

കോട്ടയം: സിപിഐയുടെ പോസ്റ്ററിൽ ത്രിവർണ്ണ പതാകയേന്തിയ ഭാരതാംബയുടെ ചിത്രം. സിപിഐയുടെ കോട്ടയം സമ്മേളനത്തിൻ്റെ ഭാഗമായി തയ്യാറാക്കിയ പോസ്റ്ററിലാണ് മുൻ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുന്ന ദേശീയ എക്സിക്യൂട്ടീവ് അംഗം കെ പി രാജേന്ദ്രൻ, പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുന്ന ജില്ലാ സെക്രട്ടറി വി ബി ബിനു എന്നിവരുടെ ചിത്രങ്ങളുള്ള പോസ്റ്ററിലാണ് ത്രിവർണ്ണ പതാക കയ്യിലേന്തിയ ഭാരതാംബയുടെ ചിത്രവും ഇടം പിടിച്ചത്. പ്രദേശിക വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിൽ പോസ്റ്റർ ഷെയർ ചെയ്തതിന് പിന്നാലെ ഈ പോസ്റ്റർ പിൻവലിക്കാൻ ജില്ലാ നേതൃത്വം നിർദ്ദേശം നൽകുകയായിരുന്നു. ഈ പോസ്റ്റർ പിന്നീട് പിൻവലിച്ചെങ്കിലും അതിനകം പലയിടത്തും ഇത് ഷെയർ ചെയ്യപ്പെട്ടിരുന്നു. എന്നാൽ പോസ്റ്റർ പിൻവലിച്ചെന്നാണ് ജില്ലാ നേതൃത്വം നൽകുന്ന വിശദീകരണം.

ഭാരതാംബയുടെ ചിത്രമുള്ളത് ഔദ്യോഗിക പോസ്റ്റർ അല്ലെന്നും പാർട്ടി പ്രാദേശിക ഗ്രൂപ്പിൽ വന്ന പോസ്റ്റർ അപ്പോൾ തന്നെ പിൻവലിക്കാൻ നിർദ്ദേശം നൽകിയെന്നും സിപിഐയുടെ കോട്ടയം ജില്ലാ സെക്രട്ടറി വി ബി ബിനു വ്യക്തമാക്കി. പോസ്റ്റർ എവിടെയും പബ്ലിഷ് ചെയ്തിട്ടില്ലെന്നും വിവാദം ആക്കേണ്ടതില്ല എന്നത് കൊണ്ടാണ് പിൻവലിക്കാൻ നിർദ്ദേശിച്ചത്. ദേശീയ പതാകയോ ചിഹ്നങ്ങളോ പാർട്ടി സമ്മേളനങ്ങൾക്ക് വേണ്ട എന്നതാണ് നിലപാട്. വിഷയത്തിൽ നടപടിയോ അന്വേഷണമോ ഇല്ലെന്നും ജില്ലാ സെക്രട്ടറി കൂട്ടിച്ചേർത്തു.

കൃഷിവകുപ്പ് പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് രാജ്ഭവനിൽ നടത്താൻ നിശ്ചയിച്ചിരുന്ന ഔദ്യോഗിക പരിപാടിയിൽ ഭാരതാംബയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തണമെന്നും നിലവിളക്ക് കൊളുത്തണെന്നും ഗവർണർ ആവശ്യപ്പെട്ടത് വിവാദമായിരുന്നു. ഗവർണറുടെ നിർദ്ദേശം കൃഷിവകുപ്പ് തള്ളി കളഞ്ഞിരുന്നു. പിന്നീട് ഗവർണറുടെ നിലപാടിനെതിരെ മന്ത്രി പി പ്രസാദും സിപിഐയും രംഗത്ത് വന്നിരുന്നു. ഗവർണറെ തിരിച്ച് വിളിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐയുടെ രാജ്യസഭാ എം പി സന്തോഷ് കുമാർ രാഷ്ട്രപതിയ്ക്ക് പരാതി നൽകിയിരുന്നു.

ഭാരതാംബയുടെ ചിത്രവും അതിന് മുന്നിലെ ചടങ്ങും ഔദ്യോഗിക പരിപാടിയിൽ ഉൾപ്പെടുത്തണമെന്ന ഗവർണറുടെ നിലപാടിനെതിരെ സിപിഐ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *