കൊച്ചിയിൽ സിജെപി പ്രതിഷേധത്തിന് തുടക്കം; അഭിജീത് ദീപ്‌കെയും പ്രകാശ് രാജും നേതൃത്വം നൽകും

കൊച്ചി: എസ്‌ഐആർ ക്രമക്കേടിൽ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി സംഘടിപ്പിക്കുന്ന പ്രതിഷേധ പരിപാടി കൊച്ചിയിൽ ആരംഭിച്ചു. ‘ജന്തർ മന്ദർ @ കൊച്ചി’ എന്ന് പേരിട്ടിരിക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ സിജെപി സ്ഥാപകൻ അഭിജീത് ദീപ്‌കെ, ആക്ടിവിസ്റ്റും നടനുമായ പ്രകാശ് രാജ് എന്നിവർ കൊച്ചിയിലെത്തി.
രാജേന്ദ്ര മൈതാനിയിലാണ് പ്രതിഷേധ പരിപാടി നടക്കുന്നത്. മറൈൻ ഡ്രൈവിൽ നിന്ന് രാജേന്ദ്ര മൈതാനിയിലേയ്ക്ക് പ്രതിഷേധ ജാഥയും സംഘടിപ്പിച്ചിരുന്നു. ഇടത് സഹയാത്രികൻ സെബാസ്റ്റ്യൻ പോളും മുതിർന്ന മാദ്ധ്യമപ്രവർത്തകരും വേദിയിലുണ്ട്. ചലച്ചിത്ര താരങ്ങളും പ്രതിഷേധ മുഖത്തുണ്ട്.
‘ജനാധിപത്യം സംരക്ഷിക്കുക, എസ്ഐആർ റദ്ദാക്കുക’ എന്ന കുറിപ്പോടെയാണ് കൊച്ചിയിൽ പ്രതിഷേധിക്കുന്ന വിവരം സിജെപി എക്സ് പേജിലൂടെ പങ്കുവച്ചത്. ദീപ്കെയെക്കൂടാതെ സിജെപി സൗത്ത് സോൺ നേതാവ് വിജയ് മല്ലാങ്കി, ദേശീയ സെക്രട്ടറി ആഫ്രീൻ നവാസ് തുടങ്ങിയവരും പ്രതിഷേധത്തിൽ പങ്കെടുക്കുന്നുണ്ട്.



