രാത്രിയിൽ ബസ് സ്റ്റാൻഡിൽ എത്തിയത് കമ്മിഷണർ; പിന്നാലെ അമ്പരപ്പിക്കുന്ന സംഭവങ്ങൾ

ഹൈദരാബാദ്: അർദ്ധരാത്രി ബസ്‌‌സ്റ്റാൻഡിലെത്തിയ വനിതാ പൊലീസ് ഉദ്യോഗസ്ഥയോട് കിടക്കപങ്കിടാമോ എന്ന ചോദിച്ചെത്തിയത് നാൽപ്പതിലധികം പുരുഷന്മാർ. തെക്കൻ ഹൈദരാബാദിൽ ദിൽസുഖ് നഗറിലെ ബസ്‌‌സ്റ്റാൻഡിലായിരുന്നു സംഭവം. മൽക്കാജ്‌ഗിരി പൊലീസ് കമ്മിഷണർ വി സുമതിയാണ് വേഷംമാറിയെത്തിയത്. രാത്രി യാത്രക്കാരായ സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ അറിയാനാണ് സുമതി സിവിൽ വേഷത്തിൽ എത്തിയത്.

സുമതി വേഷംമാറി ബസ്‌‌സ്റ്റാൻഡിലെത്തി അല്പം കഴിഞ്ഞപ്പോഴാണ് പലഭാഗത്തുനിന്നും പുരുഷന്മാരെത്തിയത്. ഇതിൽ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർ ഉണ്ടായിരുന്നു. ചിലർ സമീപത്തെത്തി തുറിച്ചുനാേക്കിയതല്ലാതെ ഒന്നും പറഞ്ഞില്ല. എന്നാൽ മറ്റുചിലരാണ് കിടക്കപങ്കിടാൻ വരുമാേ എന്ന് ചോദിച്ചെത്തിയത്. ഇക്കൂട്ടത്തിലും വിദ്യാർത്ഥികൾ ഉണ്ടായിരുന്നു. ചിലർ മദ്യത്തിന്റെയും കഞ്ചാവിന്റെയും ലഹരിയിലായിരുന്നു. സമീപത്ത് മഫ്തിയിൽ പൊലീസ് സംഘം നിലയുറപ്പിച്ചിരിക്കുന്നത് അറിയാതെയായിരുന്നു ഇവരുടെ ലീലാവിലാസങ്ങൾ.

മോശമായി പെരുമാറാൻ ശ്രമിച്ചവരെ പൊലീസ് സംഘം തന്ത്രപരമായി കസ്റ്റഡിയിലെടുത്തു. ഇവരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.രാത്രി പട്രോളിംഗ് സ്ഥിരമാക്കേണ്ടതിന്റെ ആവശ്യകതയും രാത്രി യാത്രയിൽ സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങളും മനസിലാക്കാനായിരുന്നു പൊലീസ് കമ്മിഷണറുടെ വേഷംമാറൽ എന്നാണ് റിപ്പോർട്ട്. വൈകിയ സമയങ്ങളിൽ ഒറ്റയ്ക്ക് യാത്രചെയ്യേണ്ടിവരുന്ന സ്ത്രീകൾ നിരവധി ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നതായി നേരത്തേതന്നെ ആക്ഷേപമുണ്ടായിരുന്നു. ഇത് ശരിവയ്ക്കുന്നതായിരുന്നു പൊലീസ് കമ്മിഷണറുടെ അനുഭവവും. സ്ത്രീ സുരക്ഷാ അവബോധപരിപാടിയുടെ ഭാഗമായി പൊലീസ് പ്രത്യേക കൗൺസിലിംഗ് സെഷനുകളും നടത്തുന്നുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *