മന്ത്രിയുടെ വാഹനം ആക്രമിച്ചത് സിപിഎം നേതൃത്വത്തിന്റെ അറിവോടെയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കായിക വകുപ്പ് മന്ത്രിയും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനുമായ ഒ ജെ ജനീഷിന്‍റെ വാഹനം കണ്ണൂരില്‍ ആക്രമിക്കപ്പെട്ട സംഭവത്തിൽ രൂക്ഷ പ്രതികരണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ. ഡിവൈഎഫ്ഐ – സിപിഎം ക്രിമിനലുകള്‍ നടത്തിയ ആക്രമണം അംഗീകരിക്കാനാകില്ലെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു.

സിപിഎം നേതൃത്വത്തിന്റെ അറിവോടെയാണ് മന്ത്രിക്കെതിരെ ആക്രമണമുണ്ടായത്. ആക്രമണത്തിന് പിന്നിലെ ഗൂഢാലോചന വ്യക്തമാണ്. മന്ത്രിയെ ആക്രമിച്ച ക്രിമിനലുകളെയും ഗൂഢാലോചന നടത്തിയ സിപിഎം – ഡിവൈഎഫ്ഐ നേതാക്കളെയും നിയമത്തിന് മുന്നില്‍ കൊണ്ടു വരിക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രിയെ ലക്ഷ്യമിട്ട് നിരവധി തവണ വാഹനത്തിനു നേരെ ആക്രമണമുണ്ടായെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. മുഖ്യമന്ത്രിയായിരിക്കെ ഉമ്മന്‍ ചാണ്ടിക്കെതിരെ നടത്തിയ ആക്രമണത്തിന്‍റെ തുടര്‍ച്ചയാണ് പയ്യന്നൂരിലും തളിപ്പറമ്പിലും കണ്ടത്. തെരഞ്ഞെടുപ്പിലെ ദയനീയ തോല്‍വിക്ക് പിന്നാലെ സിപിഎം നേരിടുന്ന പ്രതിസന്ധിയില്‍ നിന്നും രക്ഷപ്പെടാനാണ് നാട്ടില്‍ കലാപമുണ്ടാക്കുന്നത്. ക്രിമിനല്‍ മാഫിയ സംഘത്തെ പോലെയാണ് സിപിഎം പ്രവര്‍ത്തിക്കുന്നത്. ക്രിമിനലുകളെയും ക്വട്ടേഷന്‍ സംഘങ്ങളെയും ഇറക്കിയുള്ള അക്രമ സമരത്തിനാണ് സിപിഎം ശ്രമിക്കുന്നതെങ്കില്‍ അത് അവസാനിപ്പിക്കേണ്ട ഉത്തരവാദിത്തം സര്‍ക്കാരിനുണ്ടെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി.

ഭരണഘടനാ വിരുദ്ധമായി പ്രവര്‍ത്തിച്ച തെരഞ്ഞെടുപ്പ് കമ്മിഷനും ബിജെപി സര്‍ക്കാരിനും എതിരെ യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തിന് മന്ത്രി ഒ ജെ ജനീഷ് നേതൃത്വം നല്‍കിയതാണോ സിപിഎമ്മിന്റെ പ്രശ്‌നമെന്ന് മുഖ്യമന്ത്രി ചോദിക്കുന്നു. പത്ത് വര്‍ഷം കേരളത്തില്‍ നടത്തിയ ഗുണ്ടായിസം ഇനിയും തുടരാമെന്ന് സിപിഎമ്മും അവരുടെ ക്രിമിനല്‍ സംഘവും കരുതേണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

തളിപ്പറമ്പിലും പയ്യന്നൂരിലും വെച്ചാണ് മന്ത്രിയുടെ വാഹനത്തിന് നേരെ ആക്രമണം ഉണ്ടായത്. കല്ലു കൊണ്ടും കൈ കൊണ്ടും വാഹനത്തിന് മേൽ ആഞ്ഞടിച്ചു. കാസർകോടേയ്ക്കുള്ള യാത്രക്കിടെയാണ് ആക്രമണമുണ്ടായത്. പയ്യന്നൂര്‍ കഴിഞ്ഞതിന് പിന്നാലെ മൂന്നാമതും ഒ ജെ ജനീഷിൻ്റെ വാഹനത്തിന് നേരെ പ്രതിഷേധമുണ്ടായി. കാസർഗോഡ് നീലേശ്വരത്തും മന്ത്രിക്കെതിരെ പ്രതിഷേധമുണ്ടായി. ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല മന്ത്രി ജനീഷുമായി ഫോണിൽ സംസാരിച്ചു. കണ്ണൂരിലെ അക്രമ സംഭവങ്ങൾ മന്ത്രി വിശദീകരിച്ചു.അക്രമ സംഭവങ്ങള്‍ക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ആഭ്യന്തര മന്ത്രി ഡിജിപിക്ക് നിർദ്ദേശം നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button