വിദേശയാത്രയ്ക്ക് അനുമതി തേടി തച്ചങ്കരി; ഹൈക്കോടതിയുടെ രൂക്ഷവിമർശനം, കള്ളം പറഞ്ഞാൽ ജാമ്യം റദ്ദാക്കുമെന്ന് മുന്നറിയിപ്പ്

കൊച്ചി: വിദേശയാത്രയ്ക്ക് അനുമതി തേടിയുള്ള മുൻ ഡിജിപി ടോമിൻ ജെ. തച്ചങ്കരിയുടെ ഹർജിയിൽ രൂക്ഷവിമർശനവുമായി ഹൈക്കോടതി. ഒരു ദിവസം പോലും ജയിലിൽ കിടന്നിട്ടില്ലല്ലോ എന്ന് തച്ചങ്കരിയുടെ അഭിഭാഷകനോട് കോടതി ചോദിച്ചു. ഗുരുതരമായ രോഗമാണെന്ന് റിപ്പോർട്ടിൽ പറയുമ്പോൾ ഈ രോഗവുമായി എങ്ങനെ വിദേശത്ത് ജോലിക്ക് പോകാനാകുമെന്നും കോടതി ആരാഞ്ഞു. കള്ളം പറഞ്ഞാൽ ജാമ്യം റദ്ദാക്കുമെന്നും മുന്നറിയിപ്പ് നൽകി.

ശിക്ഷിക്കപ്പെട്ടതിന് പിന്നാലെ അസുഖമാണെന്ന് പറഞ്ഞ് ആശുപത്രിയിൽ കഴിഞ്ഞ ഒരാൾക്ക് എങ്ങനെ വിദേശത്ത് ജോലിക്ക് പോകാനാകുമെന്നായിരുന്നു ജസ്റ്റിസ് എ. ബദറുദ്ദീന്റെ ചോദ്യം. ജയിലിൽ പോകേണ്ടിവരുമ്പോൾ അസുഖം വരുകയും പുറത്തിറങ്ങിയാൽ വിദേശത്ത് പോയി ജോലി ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നുവെന്നും കോടതിയിലുള്ളവർക്കും ബുദ്ധിയുണ്ടെന്ന് തച്ചങ്കരി ഓർക്കണമെന്നും കോടതി വിമർശിച്ചു.

2003 മുതൽ 2007 വരെ ഔദ്യോഗിക പദവിയിലിരിക്കെ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന കേസിലാണ് കഴിഞ്ഞ സെപ്റ്റംബർ 17ന് കോട്ടയം വിജിലൻസ് കോടതി തച്ചങ്കരിയെ ശിക്ഷിച്ചത്. നാല് വർഷം കഠിനതടവും 30.84 ലക്ഷം രൂപ പിഴയുമായിരുന്നു ശിക്ഷ.

തുടർന്ന് ഒക്ടോബർ 15ന് ഹൈക്കോടതി ശിക്ഷ മരവിപ്പിച്ച് തച്ചങ്കരിക്ക് ജാമ്യം അനുവദിച്ചിരുന്നു. കേസിലെ അപ്പീൽ തീർപ്പാക്കുന്നതുവരെ ശിക്ഷ മരവിപ്പിക്കണമെന്ന ഇടക്കാല ആവശ്യത്തിലായിരുന്നു നടപടി.

ഇതിന് പിന്നാലെയാണ് ജോലി ആവശ്യത്തിനായി വിദേശത്തേക്ക് പോകാൻ ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി തച്ചങ്കരി ഹൈക്കോടതിയെ സമീപിച്ചത്. ഈ ഹർജി പരിഗണിക്കവെയാണ് കോടതിയുടെ രൂക്ഷമായ വിമർശനവും മുന്നറിയിപ്പും ഉണ്ടായത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button