നെടുമ്പാശ്ശേരി മിനികൂപ്പൂർ അപകടം! മൂന്ന് പ്രതികൾക്ക് ജാമ്യം

കൊച്ചി: മൂന്നുപേരുടെ ജീവനെടുത്ത നെടുമ്പാശേരി മിനി കൂപ്പർ വാഹനാപകട കേസിൽ പ്രതി സുഹൈൽ സജീവിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി. കേസിൽ മറ്റ് മൂന്ന് പ്രതികൾക്ക് കോടതി ജാമ്യം അനുവദിച്ചു. അപകടസമയം കാറിലുണ്ടായിരുന്ന മറ്റ് പ്രതികളായ നിനവ്, അമീർ ഷാ, ടി ജോയൽ എന്നിവർക്കാണ് കോടതി ജാമ്യം അനുവദിച്ചത്. ഇവർക്കെതിരെ മറ്റ് ഗുരുതരമായ കുറ്റങ്ങൾ നിലനിൽക്കില്ലെന്ന് നിരീക്ഷിച്ചാണ് ഉത്തരവ്.
എന്നാൽ മുഖ്യപ്രതിയായ സുഹൈലിന് ഉടൻ ജാമ്യം നൽകില്ലെന്നും പത്ത് ദിവസത്തിന് ശേഷം ജാമ്യാപേക്ഷ വീണ്ടും പരിഗണിക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി. കേസിന്റെ ഗൗരവവും അന്വേഷണ പുരോഗതിയും കണക്കിലെടുക്കാണ് കോടതിയുടെ നടപടി. മദ്യപിച്ച് അമിതവേഗതയിൽ വാഹനമോടിച്ച് മൂന്ന് നിരപരാധികളുടെ ജീവനെടുത്ത പ്രതിക്ക് യാതൊരുവിധ ഇളവും നൽകാനാകില്ലെന്നും കോടതി വ്യക്തമാക്കി.
അമിതവേഗതയിലും മദ്യപിച്ചും വാഹനമോടിച്ചതാണ് അപകടത്തിന് കാരണമായതെന്നും മുൻപും സുഹൈൽ സമാനമായ രീതിയിൽ അപകടം ഉണ്ടാക്കിയിട്ടുണ്ടെന്നും ഇരകളുടെ കുടുംബത്തിന് വേണ്ടി ഹാജരായ അഭിഭാഷകനും പ്രോസിക്യൂഷനും കോടതിയെ അറിയിച്ചു.ഒക്ടോബർ 11ന് പുലർച്ചെ നെടുമ്പാശേരി എയർപോർട്ട്-അത്താണി റോഡിൽവച്ച് സുഹൈൽ ഓടിച്ചിരുന്ന മിനി കൂപ്പർ കാർ സ്കൂട്ടറിലിടിച്ച് മൂന്ന് യുവാക്കൾ മരണപ്പെട്ടിരുന്നു.
ഇയാസ്, ദേവിക, ഗോപിക എന്നിവരാണ് മരിച്ചത്. മദ്യപിച്ച് അമിതവേഗതയിലാണ് സുഹൈൽ വാഹനം ഓടിച്ചതെന്ന് പൊലീസ് കണ്ടെത്തുകയും മനഃപൂർവമല്ലാത്ത നരഹത്യ ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തുകയും ചെയ്തിരുന്നു. മുൻപ് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയും എറണാകുളം സെഷൻസ് കോടതിയും സുഹൈൽ ഉൾപ്പെടെയുള്ള നാല് പ്രതികളുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു. തുടർന്നാണ് ഇവർ ഹൈക്കോടതിയെ സമീപിച്ചത്.



