ടാറ്റ നിക്ഷേപ വിവാദം: മുഖ്യമന്ത്രിക്കെതിരെ പി. രാജീവ്; ‘വസ്തുതാവിരുദ്ധ പ്രസ്താവനകൾ കേരളത്തെ അപഹാസ്യമാക്കി’

തിരുവനന്തപുരം: ടാറ്റയുടെ നിക്ഷേപവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ നടത്തിയ പ്രസ്താവനകൾ വസ്തുതാവിരുദ്ധമാണെന്ന് ആരോപിച്ച് മുൻമന്ത്രി പി. രാജീവ് രംഗത്തെത്തി. ടാറ്റ ഷിപ്പ് ബിൽഡിംഗ് മേഖലയിൽ പതിനായിരം കോടി രൂപ നിക്ഷേപിക്കുമെന്ന് മുഖ്യമന്ത്രി ഒരു അന്താരാഷ്ട്ര മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നുവെന്നും, എന്നാൽ അത്തരമൊരു പദ്ധതി നിലവിൽ ആലോചിക്കുന്നില്ലെന്ന് ടാറ്റ വ്യക്തമാക്കിയതോടെ മുഖ്യമന്ത്രിയും കേരളവും അപഹാസ്യരായെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമർശിച്ചു.
ആർസ്റ്റൻ കമ്പനിയുടെ പദ്ധതിയുമായി ബന്ധപ്പെട്ട ചർച്ചകൾ എൽഡിഎഫ് സർക്കാരിന്റെ കാലത്തുതന്നെ ആരംഭിച്ചിരുന്നുവെന്നും മലബാർ സിമന്റ്സുമായി ധാരണാപത്രം (MoU) ഒപ്പുവെച്ചിരുന്നുവെന്നും പി. രാജീവ് പറഞ്ഞു. പോർട്ട് ട്രസ്റ്റുമായി ചർച്ച നടത്തി സ്ഥലം അനുവദിച്ച ഉത്തരവിന്റെ പകർപ്പും അദ്ദേഹം പോസ്റ്റിനൊപ്പം പങ്കുവെച്ചു.
തീരുമാനമെടുക്കാതെ കിടന്ന പദ്ധതി താനാണ് മുന്നോട്ട് കൊണ്ടുപോയതെന്ന മുഖ്യമന്ത്രിയുടെ അവകാശവാദം വസ്തുതകൾക്ക് നിരക്കുന്നതല്ലെന്നും പി. രാജീവ് ആരോപിച്ചു. കേരളത്തിലെ നിക്ഷേപ അന്തരീക്ഷത്തെ ബാധിക്കുന്ന തരത്തിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് സംസ്ഥാനത്തിന്റെ താൽപര്യങ്ങൾക്ക് വിരുദ്ധമാണെന്നും, വസ്തുതാവിരുദ്ധമായ പ്രസ്താവനകളിലൂടെ മുഖ്യമന്ത്രി സ്വയം പരിഹാസ്യനാകരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



