ബംഗാൾ രാഷ്ട്രീയത്തിൽ വഴിത്തിരിവ്; ആദ്യ ബിജെപി സർക്കാർ മെയ് 9-ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും

കൊൽക്കത്ത: പശ്ചിമ ബംഗാൾ രാഷ്ട്രീയ ചരിത്രത്തിൽ വലിയ അട്ടിമറിയായി ബിജെപി സംസ്ഥാനത്ത് ആദ്യമായി അധികാരത്തിലെത്തി. 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷം നേടി 207 സീറ്റുകളുമായി ബിജെപി സർക്കാർ രൂപീകരിക്കാനൊരുങ്ങുന്നു.
രബീന്ദ്രനാഥ ടാഗോറിന്റെ ജന്മദിനമായ മെയ് 9-ന് കൊൽക്കത്തയിൽ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങോടെ പുതിയ സർക്കാർ അധികാരമേൽക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ചടങ്ങിൽ പങ്കെടുക്കുമെന്നാണ് റിപ്പോർട്ടുകൾ.
പുതിയ സർക്കാരിനെ ആരാണ് നയിക്കുമെന്നത് സംബന്ധിച്ച ചർച്ചകൾ തുടരുകയാണ്. മുൻ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയുടെ പേരിനാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് മുൻതൂക്കം ലഭിക്കുന്നത്. പുതിയതായി തെരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരുടെ യോഗം അമിത് ഷാ വിളിച്ചുചേർത്തതായും വിവരങ്ങളുണ്ട്.
തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് 80 സീറ്റുകളിലേക്ക് ചുരുങ്ങി കനത്ത തോൽവി ഏറ്റുവാങ്ങി. 15 വർഷം നീണ്ട മമത ബാനർജി ഭരണത്തിന് ഇതോടെ അന്ത്യം സംഭവിച്ചു. ഫലം പുറത്തുവന്നിട്ടും ആദ്യം രാജിവെക്കാൻ മമത ബാനർജി തയ്യാറായില്ലെന്നും തുടർന്ന് ഗവർണർ നിയമസഭ പിരിച്ചുവിട്ടതോടെയാണ് അധികാരമാറ്റത്തിന് വഴിയൊരുങ്ങിയതെന്നും റിപ്പോർട്ടുകൾ പറയുന്നു.



