ഗണേഷ് കുമാറിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി സുകുമാരൻ നായർ; ‘വേണമെങ്കിൽ കോടതിയിൽ പോകാം’

ചങ്ങനാശേരി: തനിക്കെതിരെ കെ.ബി. ഗണേഷ് കുമാർ ഉന്നയിച്ച ആരോപണങ്ങൾക്ക് ശക്തമായ മറുപടിയുമായി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. ഗണേഷ് കുമാർ പറയുന്ന കാര്യങ്ങൾക്ക് തനിക്ക് മറുപടി നൽകാനില്ലെന്ന് വ്യക്തമാക്കിയ സുകുമാരൻ നായർ, സ്വന്തം അച്ഛനെക്കുറിച്ച് പോലും വ്യക്തിപരമായ ആരോപണങ്ങൾ ഉന്നയിച്ചയാളാണ് ഗണേഷ് കുമാറെന്നും പറഞ്ഞു.
എൻഎസ്എസിൽ ജനാധിപത്യമില്ലെന്ന് ആരോപിക്കുന്നവർക്ക് വേണമെങ്കിൽ കോടതിയെ സമീപിക്കാമെന്നും സുകുമാരൻ നായർ മാധ്യമങ്ങളോട് പറഞ്ഞു.
എൻഎസ്എസിനെയും ജനറൽ സെക്രട്ടറിയെയും സ്‌നേഹിച്ച് ജീവിക്കണമെന്ന് തന്റെ അച്ഛൻ ഉപദേശിച്ചിട്ടുണ്ടെന്ന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് വരെ പറഞ്ഞയാളാണ് ഗണേഷ് കുമാറെന്നും അദ്ദേഹം ഓർമിപ്പിച്ചു.
എൻഎസ്എസിനെ ഇല്ലാതാക്കാൻ കീഴ്‌ക്കോടതിയിലും ഹൈക്കോടതിയിലും സുപ്രീം കോടതിയിലുമൊക്കെ കേസ് നൽകി നടക്കുന്ന ഒരു വിഭാഗത്തിന്റെ വാലായിട്ടാണ് ഇപ്പോൾ ഗണേഷ് കുമാർ സംസാരിക്കുന്നതെന്നും സുകുമാരൻ നായർ ആരോപിച്ചു.
തനിക്കെതിരെ ആർക്കും ഗൂഢാലോചന നടത്താൻ കഴിയില്ലെന്നും 64 വർഷമായി സംഘടനാ രംഗത്തുള്ള തന്റെ ഭാഗത്തുനിന്ന് തെറ്റുകളൊന്നും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. എൻഎസ്എസിൽ അനധികൃതമായി ആർക്കും നിയമനം നൽകിയിട്ടില്ലെന്നും സുകുമാരൻ നായർ വ്യക്തമാക്കി.
ഗണേഷ് കുമാറിന് വേണമെങ്കിൽ കോടതിയെ സമീപിക്കാമെന്നും എന്തുകൊണ്ടാണ് കോടതിയിൽ പോകാത്തതെന്നും സുകുമാരൻ നായർ ചോദിച്ചു.



