വിദ്യാര്‍ത്ഥി പ്രക്ഷോഭം; എങ്ങുമെങ്ങും തൊടാതെ സച്ചിന്റെ കുറിപ്പ്

മുംബൈ: വിദ്യാഭ്യാസ സമ്പ്രദായത്തിലെ ക്രമക്കേടുകള്‍ക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധങ്ങള്‍ ശക്തമാകുന്നതിനിടയില്‍, സുതാര്യവും മെറിറ്റിന് മുന്‍ഗണന നല്‍കുന്നതുമായ ഒരു വ്യവസ്ഥ ആവശ്യപ്പെട്ട് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. വിദ്യാര്‍ത്ഥികളുടെ കഠിനാധ്വാനം ഒരിക്കലും പാഴായിപ്പോകരുതെന്ന് അദ്ദേഹം എക്‌സിലൂടെ ഓര്‍മ്മിപ്പിച്ചു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് നടക്കുന്ന പ്രക്ഷോഭങ്ങളെക്കുറിച്ച് നേരിട്ട് പരാമര്‍ശിക്കാതെയാണ്, രാജ്യത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതില്‍ സത്യസന്ധതയുടെയും മെറിറ്റിന്റെയും കൂട്ടായ ഉത്തരവാദിത്തത്തിന്റെയും പ്രാധാന്യത്തെക്കുറിച്ച് സച്ചിന്‍ സംസാരിച്ചത്.
സമൂഹമാധ്യമമായ എക്‌സിലൂടെ പങ്കുവെച്ച കുറിപ്പില്‍, പ്രൊഫസറായ തന്റെ പിതാവ് തനിക്ക് പകര്‍ന്നുനല്‍കിയ ഒരു വലിയ പാഠം സച്ചിന്‍ ഓര്‍ത്തെടുത്തു. ”എന്റെ അച്ഛനൊരു പ്രൊഫസര്‍ ആയിരുന്നു. നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് അദ്ദേഹം വഴികാട്ടിയും മാര്‍ഗ്ഗദര്‍ശിയുമായിരുന്നു. അച്ഛന്‍ ചെറുപ്പത്തിലേ എന്നെ പഠിപ്പിച്ച ഒരു പാഠമുണ്ട്, ‘പരാജയപ്പെടുന്നത് കുഴപ്പമില്ല, എന്നാല്‍ കോപ്പിയടിക്കുന്നത് തെറ്റാണ്. ഒരിക്കലും എളുപ്പവഴികള്‍ തേടാതിരിക്കുക.” സച്ചിന്‍ നിലപാട് വ്യക്തമാക്കി.
ഫലത്തേക്കാള്‍ കഠിനാധ്വാനത്തിന് വില കല്‍പ്പിക്കണമെന്നും മെറിറ്റ് എപ്പോഴും പ്രധാന മാര്‍ഗമായി നിലനില്‍ക്കണമെന്നും സമൂഹം ഉറപ്പാക്കണമെന്ന് സച്ചിന്‍ പറഞ്ഞു. ”സമൂഹത്തിലെ മുതിര്‍ന്നവര്‍ എന്ന നിലയില്‍ സംസ്‌കാരം രൂപപ്പെടുത്തേണ്ട ഉത്തരവാദിത്തം നമുക്കുണ്ട്. കഠിനാധ്വാനത്തേക്കാള്‍ ഫലങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്ന സമൂഹം എളുപ്പവഴികളാകും തേടുക. ഇന്ന് തങ്ങളുടെ കഠിനാധ്വാനത്തിന് അര്‍ഹമായ പ്രതിഫലം ലഭിച്ചില്ലെന്ന് കരുതി വിദ്യാര്‍ത്ഥികള്‍ നിരാശരാകുമ്പോള്‍, അത് മനസ്സിലാക്കാവുന്നതേയുള്ളൂ. അവര്‍ക്ക് ഇനി ഒരിക്കലും അത്തരം അവസ്ഥ ഉണ്ടാകാതിരിക്കാന്‍ നമുക്കെല്ലാവര്‍ക്കും ഒരുമിച്ച് പ്രവര്‍ത്തിക്കാം.” അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയുടെ യുവത്വമാണ് രാജ്യത്തിന്റെ ഏറ്റവും വലിയ ശക്തിയെന്ന് വിശേഷിപ്പിച്ച സച്ചിന്‍, സത്യസന്ധതയും കഠിനാധ്വാനവും അംഗീകരിക്കപ്പെടുന്ന ഒരു അന്തരീക്ഷം സൃഷ്ടിക്കാന്‍ എല്ലാവരോടും അഭ്യര്‍ത്ഥിച്ചു. ”യുവ ഇന്ത്യ സ്വപ്നങ്ങളും ഊര്‍ജ്ജവും നിറഞ്ഞതാണ്. അവരാണ് നമ്മുടെ വിജയത്തിന്റെ ഊര്‍ജ്ജസ്രോതസ്സ്. മാതാപിതാക്കള്‍, അധ്യാപകര്‍, സുഹൃത്തുക്കള്‍, ബന്ധുക്കള്‍, സ്‌കൂളുകള്‍, ഭരണാധികാരികള്‍ എന്നിവരുള്‍പ്പെടെ സമൂഹത്തിലെ എല്ലാവര്‍ക്കും നമ്മുടെ യുവജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിലും ഊര്‍ജ്ജസ്വലരായി നിലനിര്‍ത്തുന്നതിലും വലിയ ഉത്തരവാദിത്തങ്ങളും വ്യത്യസ്തമായ പങ്കുമുണ്ട്.” അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
വിദ്യാഭ്യാസ സമ്പ്രദായത്തിലെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി കോക്ക്‌റോച്ച് ജനത പാര്‍ട്ടി നടത്തുന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് സച്ചിന്റെ ഈ പരാമര്‍ശങ്ങള്‍ വന്നിരിക്കുന്നത്. പരീക്ഷാ സംവിധാനത്തിലെ പോരായ്മകള്‍ ആരോചിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ രാജി വെക്കണമെന്നാണ് സിജെപിയുടെ ആവശ്യം.



