ഇടതുകോട്ടകളിൽ പിടിവാശി പോരാട്ടം; തളിപ്പറമ്പ്–പയ്യന്നൂർ നിർണായകം

കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കെ ഇടതുപക്ഷത്തിന്റെ ശക്തികേന്ദ്രങ്ങളായ മണ്ഡലങ്ങളിൽ വൻ വോട്ടുചോർച്ചയുടെ സൂചനകൾ. കഴിഞ്ഞ തവണ വമ്പൻ വിജയം നേടിയ തളിപ്പറമ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥി പി.കെ. ശ്യാമള നിലവിൽ പിന്നിലായതാണ് ശ്രദ്ധേയമായത്.
അതേസമയം, വലിയ ഭൂരിപക്ഷം പതിവായി നേടുന്ന പയ്യന്നൂരിൽ രണ്ടാം റൗണ്ട് പൂർത്തിയായപ്പോൾ എൽഡിഎഫിന് വെറും അയ്യായിരം വോട്ടിന്റെ ലീഡ് മാത്രമാണ് ലഭിച്ചത്. രണ്ട് മണ്ഡലങ്ങളിലും വിമതരുടെ പ്രവേശനം പോരാട്ടം കടുപ്പിച്ചിരിക്കുകയാണ്.
പയ്യന്നൂരിൽ രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണം ഉയർത്തിയ കെ. കുഞ്ഞകൃഷ്ണൻ വിമത സ്ഥാനാർത്ഥിയായി രംഗത്തെത്തിയിരുന്നു. യുഡിഎഫിന്റെ പിന്തുണയും ലഭിച്ചതോടെ ഇവിടെ കടുത്ത മത്സരം നടക്കുന്നു. തളിപ്പറമ്പിൽ പി.കെ. ശ്യാമളയെ സ്ഥാനാർത്ഥിയായി നിശ്ചയിച്ചതിനെ തുടർന്ന് ടി.കെ. ഗോവിന്ദൻ വിമതനായി മത്സരിക്കുകയും യുഡിഎഫ് പിന്തുണ ലഭിക്കുകയും ചെയ്തതോടെ അവിടെയും കടുത്ത പോരാട്ടമാണ്.
ഇടതുകോട്ടകളിലുണ്ടാകുന്ന ഈ മാറ്റങ്ങൾ വോട്ടെണ്ണലിന്റെ തുടർന്നുള്ള ഘട്ടങ്ങളിൽ നിർണായക സ്വാധീനം ചെലുത്തുമെന്നാണ് വിലയിരുത്തൽ



