തൃശൂരിൽ പത്മജയ്ക്ക് തിരിച്ചടി; രാജൻ പല്ലൻ മുന്നിൽ, യുഡിഎഫ് മുന്നേറ്റ സൂചന

തൃശൂർ: നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കെ തൃശൂർ മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥി പത്മജ വേണുഗോപാലിന് തിരിച്ചടി നേരിടുന്നു. ഏകദേശം 1500 വോട്ടുകളുടെ ലീഡോടെ യുഡിഎഫ് സ്ഥാനാർത്ഥി രാജൻ പല്ലൻ മുന്നിലാണ്. എൽഡിഎഫ് സ്ഥാനാർത്ഥി ആലങ്കോട് ലീലാകൃഷ്ണൻ രണ്ടാം സ്ഥാനത്തുണ്ട്.
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സുരേഷ് ഗോപിയുടെ വിജയത്തോടെ എൻഡിഎയ്ക്ക് തൃശൂരിൽ ലഭിച്ച ആത്മവിശ്വാസം മുൻനിർത്തിയാണ് പത്മജ ഈ തിരഞ്ഞെടുപ്പിൽ മത്സരത്തിനിറങ്ങിയത്. എന്നാൽ നിലവിലെ വോട്ടെണ്ണൽ പ്രവണതകൾ പ്രതീക്ഷകൾക്ക് തിരിച്ചടിയാകുന്ന സാഹചര്യമാണ് സൂചിപ്പിക്കുന്നത്.
മുൻകാലങ്ങളിൽ യുഡിഎഫിന്റെ ശക്തികേന്ദ്രമായിരുന്ന തൃശൂരിൽ കരുണാകരൻ പാർട്ടി വിട്ടതോടെ രാഷ്ട്രീയ സാഹചര്യത്തിൽ വലിയ മാറ്റങ്ങൾ സംഭവിച്ചിരുന്നു. 2016ലും 2021ലും ഒരൊറ്റ മണ്ഡലം ഒഴികെ എല്ലായിടങ്ങളിലും എൽഡിഎഫ് വിജയിച്ചിരുന്നു. എന്നാൽ ഈ തിരഞ്ഞെടുപ്പിൽ നാല് മണ്ഡലങ്ങളിൽ യുഡിഎഫ് മുന്നേറുന്നതോടെ ജില്ലയിൽ വീണ്ടും തിരിച്ചുവരവിനുള്ള സൂചനകളാണ് ലഭിക്കുന്നത്.
കോൺഗ്രസ് വിട്ട് ബിജെപിയിലെത്തിയ പത്മജ വേണുഗോപാലിന് നിലവിലെ വോട്ടെണ്ണൽ വലിയ വെല്ലുവിളിയാവുകയാണ്. സുരേഷ് ഗോപിയുടെ വിജയപാത പിന്തുടരാൻ കഴിയുമോയെന്ന ചോദ്യം ഉയർന്നിരുന്നെങ്കിലും, ആദ്യഘട്ട ഫലസൂചനകൾ അനുകൂലമല്ലാത്ത ദിശയിലാണെന്നതാണ് വിലയിരുത്തൽ.



