“പട നയിച്ചവൻ നാട് നയിക്കട്ടെ”; വി ഡി സതീശന് വേണ്ടി ക്ഷേത്രത്തിൽ പ്രത്യേക വഴിപാടുകൾ

കൊച്ചി: കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയായി വി ഡി സതീശൻ എത്തണമെന്ന പ്രാർത്ഥനയോടെ ആലുവ മഹാദേവ ക്ഷേത്രത്തിൽ പ്രത്യേക പൂജകൾ നടത്തി കോൺഗ്രസ് പ്രവർത്തകർ. ഗണപതിഹോമം, ഭഗവതിസേവ, മൃത്യുഞ്ജയഹോമം, കടുംപായസം, ജലധാര, കരിക്ക് അഭിഷേകം എന്നിവ ഉൾപ്പെടെയുള്ള വഴിപാടുകളാണ് നടന്നത്.

യൂത്ത് കോൺഗ്രസ് ആലുവ മണ്ഡലം വൈസ് പ്രസിഡന്റ് തരുൺ ജെറോമാണ് 955 രൂപ അടച്ച് പൂജകൾ നടത്തിയത്. അബുദാബിയിൽ ജോലി ചെയ്യുന്ന തരുൺ, സുഹൃത്ത് മുഖേനയാണ് ക്ഷേത്രത്തിൽ വഴിപാടുകൾ കഴിപ്പിച്ചത്.

ഇതിനിടെ, മുഖ്യമന്ത്രിസ്ഥാനവുമായി ബന്ധപ്പെട്ട് തെരുവിൽ പരസ്യ ശക്തിപ്രകടനങ്ങൾ നടത്തരുതെന്ന കെപിസിസി നിർദ്ദേശം അവഗണിച്ച് വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് വിവിധ ജില്ലകളിൽ കോൺഗ്രസ് പ്രവർത്തകർ പ്രകടനം നടത്തി. കോഴിക്കോട്, തൃശൂർ, തിരുവനന്തപുരം, മലപ്പുറം, കോട്ടയം ജില്ലകളിലായിരുന്നു പ്രകടനങ്ങൾ.

തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുന്നിൽ നടന്ന പ്രകടനത്തിൽ നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു. “പട നയിച്ചവൻ തന്നെ നാട് നയിക്കട്ടെ” എന്ന മുദ്രാവാക്യമാണ് പ്രകടനങ്ങളിൽ പ്രധാനമായും ഉയർന്നത്. തിരുവനന്തപുരത്ത് പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്നാണ് പ്രകടനം ആരംഭിച്ചത്.

അതേസമയം, ഫ്ലക്സ് ബോർഡുകളും പ്രകടനങ്ങളും ഒഴിവാക്കണമെന്ന് വി ഡി സതീശൻ നേരത്തെ തന്നെ പ്രവർത്തകരോട് അഭ്യർത്ഥിച്ചിരുന്നു. 102 സീറ്റുകളുമായി കോൺഗ്രസും യുഡിഎഫും ചരിത്രവിജയം നേടിയ സാഹചര്യത്തിൽ, പാർട്ടിക്കും മുന്നണിക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന പ്രവർത്തനങ്ങൾ ആരുടെയും ഭാഗത്തുനിന്നും ഉണ്ടാകരുതെന്നായിരുന്നു അദ്ദേഹത്തിന്റെ നിർദ്ദേശം.

മുഖ്യമന്ത്രി സ്ഥാനത്തെ ചുറ്റിപ്പറ്റിയുള്ള കോൺഗ്രസിലെ ചർച്ചകൾ കടുത്തിരിക്കെ, പ്രവർത്തകരുടെ പിന്തുണാ പ്രകടനങ്ങളും രാഷ്ട്രീയ ശ്രദ്ധ നേടുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *