‘നരകം പോലുള്ള തടവറ’; നിവർന്ന് നിൽക്കാനാകാത്ത ജയിൽമുറി, ഇടയ്ക്കിടെ വസ്ത്രമഴിച്ച് പരിശോധനയും

കാലിഫോർണിയ: മലയാളികളെ ഒന്നടങ്കം ഞെട്ടിച്ച വാർത്തയാണ് അമേരിക്കയിലെ രണ്ട് മലയാളി യുവതികളുടെ കൊലപാതകം. തിരുവനന്തപുരം സ്വദേശിനി ആൻ മേരി മാത്യൂ (35), തൃശൂർ സ്വദേശിനി അഞ്ജന വിജീഷ് (35) എന്നിവരെ കൊല്ലപ്പെടുത്തിയത് സുഹൃത്തായ കോട്ടയം സ്വദേശിനി അനില ബേബിയാണ്.
സംഭവദിവസം തന്നെ അനിലയെ കാലിഫോർണിയയിലെ മിൽപിറ്റാസിലെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. നിലവിൽ അനില എവിടെയാണ്? കേരളത്തിലെ ജയിലറകളിൽ നിന്നും തീർത്തും വ്യത്യസ്തമായ കാലിഫോർണിയയിലെ സാഹചര്യം എന്തൊക്കെയായിരിക്കും എന്ന് ചിന്തിച്ചിട്ടുണ്ടോ? ഒരു മലയാള മാദ്ധ്യമമാണ് ഇതുസംബന്ധിച്ച വിവരം പുറത്തുവിട്ടത്.
സാന്താക്ലാര കൗണ്ടി മെയിൻ ജയിലിലെ അതീവ സുരക്ഷാ വിഭാഗമായ അഡ്മിനിസ്ട്രേറ്റീവ് സെഗ്രിഗേഷൻ വിംഗിലാണ് അനില ഇപ്പോൾ കഴിയുന്നത്. കേരളത്തിൽ നിന്ന് തീർത്തും വിപരീതമായി അതികഠിനമായ ജയിൽ ജീവിതമാണ് അനിലയ്ക്ക് അനുഭവിക്കേണ്ടിവരുന്നത്. വെറും 48 ചതുരശ്ര അടി മാത്രം വലിപ്പമുള്ള മുറിയിലാണ് പ്രതി കഴിയുന്നത്. മുറിക്കുള്ളിൽ ചുവരിനോട് ചേർത്ത് നിർമിച്ചിരിക്കുന്ന കട്ടിലും അതിന് സമീപമായി സ്റ്റീൽ ക്ലോസറ്റും മാത്രമാണ് ഇവിടെയുള്ളത്.
ദിവസത്തിൽ 23 മണിക്കൂറും ഈ മുറിക്കുള്ളിൽ ഏകാന്തമായി കഴിയണം. ആരോടെങ്കിലും സംസാരിക്കാനോ മറ്റുള്ളവരെ കാണാനോ ആവില്ല.എല്ലാദിവസവും പുലർച്ചെ അഞ്ച് മണിക്ക് എഴുന്നേൽക്കണം. ഭക്ഷണവും മരുന്നും സെല്ലിന്റെ വാതിലിലുള്ള ചെറിയ ദ്വാരത്തിലൂടെ നൽകും. ഒരു മണിക്കൂർ ടിയർടൈമിൽ ഉദ്യോഗസ്ഥരുടെ കാവലിലാണ് കുളിക്കേണ്ടത്. 24 മണിക്കൂറും സെല്ലിനുള്ളിൽ മങ്ങിയ വെളിച്ചമുണ്ടാകും. ആത്മഹത്യാസാദ്ധ്യതയുള്ളതിനാൽ ഓരോ 15 മിനിട്ടിലും ഉദ്യോഗസ്ഥർ നിരീക്ഷിക്കാനെത്തും.
അഭിഭാഷകനെ കാണാനും കോടതിയിലേക്കും പോകുമ്പോൾ ചങ്ങലകൾ കൊണ്ട് ബന്ധിച്ചിരിക്കും. പോകുമ്പോഴും തിരിച്ച് വരുമ്പോഴും വസ്ത്രങ്ങൾ പൂർണമായും അഴിപ്പിച്ച് സ്ട്രിപ് സെർച്ച് നടത്തും.ജയിലും കോടതിയും തമ്മിൽ വെറും 50 മീറ്റർ ദൂരമേയുള്ളു എങ്കിലും പ്രതികളെ ഭൂഗർഭ തുരങ്കം വഴിയാണ് അവിടെ എത്തിക്കുന്നത്. മൊബൈൽ സിഗ്നലുകൾ പോലുമില്ലാത്ത ഭൂഗർഭ കോടതി മുറികളിലാണ് വിചാരണ നടക്കുന്നത്.
അനിലയ്ക്കെതിരെ രണ്ട് ഫസ്റ്റ് ഡിഗ്രി കൊലപാതക കുറ്റങ്ങളും മാരകായുധം ഉപയോഗിച്ചതിനുമുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. അമേരിക്കയിലെ രീതികളനുസരിച്ച് വർഷങ്ങളെടുത്തേക്കാം വിചാരണ പൂർത്തിയാക്കാൻ. കുറ്റം തെളിഞ്ഞാൽ കൗണ്ടി ജയിലിൽ നിന്ന് കാലിഫോർണിയയിവെ കഠിനമായ സ്റ്റേറ്റ് പ്രിസണിലേക്ക് മാറ്റും. അനിലയ്ക്ക് കുറഞ്ഞത് 51 വർഷം മുതൽ ജീവപര്യന്തം വരെ ശിക്ഷ ഉറപ്പാണ്.



