ശബരിമല നെയ്യ് ക്രമക്കേട്; ടെൻഡർ അട്ടിമറിയിൽ ഉന്നതരുടെ പങ്ക് അന്വേഷിക്കാൻ എസ്ഐടി

ശബരിമല നെയ്യ് വാങ്ങിയതുമായി ബന്ധപ്പെട്ട ക്രമക്കേടിൽ രാഷ്ട്രീയ സമ്മർദ്ദത്തെ തുടർന്ന് ടെൻഡർ അട്ടിമറിച്ചെന്ന സംശയത്തിൽ ഉന്നതരുടെ പങ്കാളിത്തം അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) നീക്കം തുടങ്ങി. സ്വർണക്കൊള്ള കേസിൽ നിലവിൽ ജയിലിൽ കഴിയുന്ന പി.എസ്. പ്രശാന്തിനെയും അജികുമാറിനെയും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
നെയ്യ് വാങ്ങിയതിലെ ക്രമക്കേടിലൂടെ തിരുവിതാംകൂർ ദേവസ്വം ബോർഡിന് 2.27 കോടി രൂപയോളം നഷ്ടമുണ്ടായെന്നാണ് ദേവസ്വം വിജിലൻസിന്റെ കണ്ടെത്തൽ. കേസിൽ ദേവസ്വം ബോർഡിലെ കൂടുതൽ ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്ന നിഗമനത്തിൽ കൂടുതൽ പ്രതികളെ ചേർക്കാനും എസ്ഐടി ഒരുങ്ങുകയാണ്.
പമ്പയിലെ ബോർഡ് ജീവനക്കാർക്കും സ്റ്റോർ സൂപ്രണ്ടിനും വീഴ്ച സംഭവിച്ചതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ശബരിമലയ്ക്ക് പുറമെ മറ്റ് ചില പ്രധാന ക്ഷേത്രങ്ങളിലേക്കും ഇതേ രീതിയിൽ നെയ്യ് എത്തിച്ചതായി വിവരങ്ങൾ ലഭിച്ചിട്ടുണ്ട്.
മിൽമയ്ക്ക് കരാർ ലഭിക്കുന്നതിനായി പി.എസ്. പ്രശാന്തിന്റെ നേതൃത്വത്തിൽ വഴിവിട്ട ഇടപെടലുകൾ നടന്നെന്നാണ് എസ്ഐടിയുടെ വിലയിരുത്തൽ. 2025ലെ മകരവിളക്ക് കാലയളവിലേക്ക് നെയ്യ് വാങ്ങുന്നതിനായി 2024ൽ വിളിച്ച ടെൻഡറിൽ ആറ് സ്ഥാപനങ്ങൾ പങ്കെടുത്തിരുന്നു. എന്നാൽ നടപടികൾ പുരോഗമിക്കുന്നതിനിടെ ടെൻഡർ റദ്ദാക്കി കരാർ മിൽമയ്ക്ക് നൽകുകയായിരുന്നു.
മിൽമ നെയ്യ് ഉപയോഗിക്കുമ്പോൾ അരവണ നിർമാണത്തിന് കുറഞ്ഞ അളവ് മതിയാകുമെന്ന അന്നത്തെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിന്റെ ശുപാർശയാണ് മിൽമയ്ക്ക് മുൻഗണന നൽകാൻ കാരണമായത്. ദേവസ്വം കമ്മീഷണർ നിർദേശത്തെ എതിർത്തിരുന്നെങ്കിലും, ആ നിലപാട് മറികടന്ന് പി.എസ്. പ്രശാന്തും ബോർഡംഗം അജികുമാറും ചേർന്ന് മിൽമയ്ക്ക് കരാർ നൽകാൻ തീരുമാനിക്കുകയായിരുന്നു.
ടെൻഡറിൽ പങ്കെടുത്ത തമിഴ്നാട്ടിലെ ഒരു സ്ഥാപനം ലിറ്ററിന് 369 രൂപ ക്വോട്ട് ചെയ്തപ്പോൾ മിൽമയിൽ നിന്ന് ലിറ്ററിന് 510 രൂപയ്ക്കാണ് നെയ്യ് വാങ്ങിയത്. ഏകദേശം 1.65 ലക്ഷം ലിറ്റർ നെയ്യ് ഇത്തരത്തിൽ വാങ്ങിയതിലൂടെ ബോർഡിന് 2.27 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് ദേവസ്വം വിജിലൻസിന്റെ കണ്ടെത്തൽ.



