രാജിക്ക് പിന്നാലെ ഹൈക്കമാൻഡ് നിർദേശം തള്ളി സിദ്ധരാമയ്യ; രാജ്യസഭാ സീറ്റ് നിരസിച്ചു

ബംഗളൂരു: കർണാടക മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജി നൽകിയതിന് പിന്നാലെ കോൺഗ്രസ് ഹൈക്കമാൻഡ് മുന്നോട്ടുവച്ച രാജ്യസഭാ സീറ്റ് ഓഫർ സിദ്ധരാമയ്യ നിരസിച്ചതായി റിപ്പോർട്ട്. എം.എൽ.എയായി തുടരാനാണ് താൽപര്യമെന്ന് അദ്ദേഹം വ്യക്തമാക്കി.
രാജി സമർപ്പിച്ചതിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിലാണ് സിദ്ധരാമയ്യ നിലപാട് വ്യക്തമാക്കിയത്. ഹൈക്കമാൻഡ് ആവശ്യപ്പെട്ടപ്പോൾ രാജിവയ്ക്കുമെന്ന് നേരത്തെ പറഞ്ഞിരുന്നുവെന്നും, രണ്ടുദിവസം മുൻപ് സ്ഥാനമൊഴിയാൻ നിർദേശം ലഭിച്ചതിനാലാണ് രാജി നൽകിയതെന്നും അദ്ദേഹം പറഞ്ഞു.
ബംഗളൂരുവിലെ ഔദ്യോഗിക വസതിയായ ‘കാവേരി’യിൽ നടന്ന പ്രഭാതഭക്ഷണ യോഗത്തിലാണ് രാജി തീരുമാനം ഔദ്യോഗികമായി അറിയിച്ചത്. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ഉൾപ്പെടെയുള്ള മന്ത്രിമാർ യോഗത്തിൽ പങ്കെടുത്തു. തുടർന്ന് കോൺഗ്രസ് നിയമസഭാ കക്ഷി യോഗത്തിന് ശേഷം പുതിയ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുമെന്നാണ് സൂചന.
രണ്ടര വർഷത്തെ അധികാര പങ്കിടൽ ധാരണ നടപ്പാക്കുന്നതിന്റെ ഭാഗമായാണ് രാജിയെന്നാണ് പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കുന്നത്. ഡൽഹിയിലെ കോൺഗ്രസ് നേതൃത്വവുമായി നടത്തിയ ചർച്ചകൾക്കു പിന്നാലെയാണ് നിർണായക തീരുമാനം ഉണ്ടായതെന്നും റിപ്പോർട്ടുകളുണ്ട്.
എങ്കിലും രാജ്യസഭാ സീറ്റ് സ്വീകരിക്കാതെ സംസ്ഥാന രാഷ്ട്രീയത്തിൽ തുടരുമെന്ന സിദ്ധരാമയ്യയുടെ തീരുമാനം കർണാടക രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾക്ക് വഴിയൊരുക്കിയിട്ടുണ്ട്.



