മതേതരത്വം കേരളത്തിന്റെ കരുത്ത്; കണ്ണിലെ കൃഷ്ണമണി പോലെ സംരക്ഷിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

കോഴിക്കോട്: കേരളത്തിന്റെ മതേതരത്വം കണ്ണിലെ കൃഷ്ണമണി പോലെ സംരക്ഷിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. കേരള മോഡൽ അഭിമാനമാണെന്നും കഴിഞ്ഞ 20 വർഷമായി അതിന്റെ അടിസ്ഥാനത്തിൽ വലിയ മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് പൗരാവലി നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഏറ്റവും കൂടുതൽ സന്ദർശനം നടത്തിയത് കോഴിക്കോട് ആണെന്നും അതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തെ മാറ്റിയെടുക്കാൻ വിദഗ്ധരായ ഒരു ടീം രൂപീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തെ മുഴുവൻ തുറമുഖ നഗരമായി മാറ്റാൻ കഴിയുമെന്നതാണ് തന്റെ ദൃഢവിശ്വാസമെന്നും സമ്പദ് വ്യവസ്ഥ ശക്തിപ്പെടുത്താതെ വികസന സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാനാകില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കാലത്തിനൊപ്പം മുന്നേറേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ഊന്നിപ്പറഞ്ഞു.

എല്ലാ മേഖലയിലും ആധുനിക മാറ്റങ്ങൾ അനിവാര്യമാണെന്നും ഒരു ഗ്ലോബൽ ജോബ് വാച്ച് ടവർ സ്ഥാപിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. കേരളത്തിലെ ഏറ്റവും വലിയ വെല്ലുവിളി പദ്ധതികളുടെ നടപ്പാക്കലാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

നിലവിലെ സംവിധാനത്തിലെ പിഴവുകൾ പരിഹരിക്കുമെന്നും നികുതി പണത്തിന്റെ ചോർച്ച തടയുമെന്നും അദ്ദേഹം പറഞ്ഞു. “എത്ര വലിയ ശക്തിയാണെങ്കിലും ജനങ്ങളുടെ പണം പാഴാക്കാൻ അനുവദിക്കില്ല” എന്നും വി.ഡി. സതീശൻ വ്യക്തമാക്കി. തെരഞ്ഞെടുപ്പിൽ നൽകിയ ജനവിശ്വാസത്തിന് നന്ദിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button