വത്സലാ നഴ്‌സിംഗ് ഹോം മുതൽ ‘കൊട്ടാരം’ വരെ; ബേക്കറി ജംഗ്ഷനിലെ ആഡംബര വസതിയുടെ ചരിത്രവും ഇ.ഡി റെയ്ഡും ചർച്ചയിൽ

പണ്ട് തിരുവനന്തപുരത്തെ അതിപ്രശസ്തമായ പ്രസവാശുപത്രി; വല്‍സലാ നഴ്‌സിംഗ് ഹോമില്‍ നിന്നും നിംസ് ആശുപത്രിയായി; ഡോക്ടര്‍ കുഞ്ഞമ്മ മത്തായിയുടെ സ്വപ്‌ന സ്ഥാപനത്തില്‍ ഇന്ന് താമസിക്കുന്നത് പിണറായി; ഇഡി റെയ്ഡ് നടന്നത് തിരുവനന്തപുരത്തെ പഴയ പ്രധാന ആശുപത്രിയില്‍; ബേക്കറിയില്‍ കേന്ദ്ര ഏജന്‍സി പാഞ്ഞു കയറിയ അത്യാഡംബര വീടിന്റെ കഥ

വത്സലാ നഴ്സിംഗ് ഹോം മുതല്‍ പിണറായിയുടെ ‘കൊട്ടാരം’ വരെ; ഇ.ഡി റെയ്ഡ് നടന്ന ബേക്കറി ജങ്ഷനിലെ ആഡംബര വീടിന്റെ കഥ

തിരുവനന്തപുരം: കരിമണല്‍ കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനെ തേടി ഇ.ഡി സംഘം ഇരച്ചുകയറിയ തിരുവനന്തപുരത്തെ ആ വസതിക്ക് പറയാന്‍ ഒരുപാടുണ്ട് കഥകള്‍. തലസ്ഥാന നഗരിയുടെ ഹൃദയഭാഗമായ ബേക്കറി ജങ്ഷനില്‍, മുപ്പത് സെന്റ് ഭൂമിയില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ഈ അത്യാഡംബര മന്ദിരം ഇന്ന് ഒരു രാഷ്ട്രീയ കൊടുങ്കാറ്റിന്റെ കേന്ദ്രബിന്ദുവാണ്. എന്നാല്‍, വര്‍ഷങ്ങള്‍ക്ക് മുന്‍പ് തിരുവനന്തപുരംകാര്‍ക്ക് ഇതൊരു വീടായിരുന്നില്ല; ആയിരക്കണക്കിന് കുരുന്നുകള്‍ക്ക് ജന്മം നല്‍കിയ അതിപ്രശസ്തമായ ഒരു പ്രസവാശുപത്രിയായിരുന്നു.

തിരുവനന്തപുരത്തെ പഴയ തലമുറയ്ക്ക് ‘വത്സലാ നഴ്സിംഗ് ഹോം’ എന്ന പേര് സുപരിചിതമാണ്. പ്രശസ്ത ഗൈനക്കോളജിസ്റ്റായിരുന്ന ഡോക്ടര്‍ കുഞ്ഞമ്മ മത്തായിയുടെ സ്വപ്ന സാക്ഷാത്കാരമായിരുന്നു ഈ സ്ഥാപനം. അവരുടെ കാലശേഷം മകനായ ഡോക്ടര്‍ റോയിയാണ് ഈ ആശുപത്രി നടത്തിയിരുന്നത്. പണക്കാര്‍ക്കും വി.ഐ.പികള്‍ക്കും വേണ്ടി അന്നത്തെ കാലത്ത് അത്രമേല്‍ ആഡംബരത്തോടെ, ഒരു ഫൈവ് സ്റ്റാര്‍ ഹോട്ടലിന് സമാനമായ സൌകര്യങ്ങളോടെയാണ് ഈ പ്രസവാശുപത്രി സജ്ജീകരിച്ചിരുന്നത്. അപ്പോഴും സാധാരണക്കാര്‍ക്കും മതിയായ ചികില്‍സയില്‍ ചികില്‍സ കിട്ടി.

കാലാന്തരത്തില്‍ ഡോക്ടര്‍ റോയിയില്‍ നിന്നും ഈ കെട്ടിടം പ്രമുഖ ആരോഗ്യ ശൃംഖലയായ ‘നിംസ് മൈക്രോ ഹോസ്പിറ്റല്‍ ഗ്രൂപ്പ്’ വിലയ്ക്ക് വാങ്ങി. തുടര്‍ന്ന് ആശുപത്രി കെട്ടിടം അത്യാധുനിക സൌകര്യങ്ങളുള്ള ഒരു ആഡംബര വസതിയായി പുനര്‍നിര്‍മ്മിക്കപ്പെടുകയായിരുന്നു. ഈ നിംസ് ഗ്രൂപ്പില്‍ നിന്നാണ് മുന്‍ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍ ഈ കെട്ടിടം വാടകയ്ക്കെടുക്കുന്നത്. അത്യാഡംബര സൌകര്യങ്ങള്‍: മുപ്പത് സെന്റില്‍ പടര്‍ന്നുകിടക്കുന്ന, 4,500 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ഒരു കൊട്ടാര സദൃശ്യമായ വസതിയാണിത്.

സവിശേഷതകള്‍: സെന്‍ട്രല്‍ എയര്‍കണ്ടീഷണര്‍ സംവിധാനമുള്ള അഞ്ച് കിടപ്പുമുറികള്‍, മനോഹരമായ നീന്തല്‍ക്കുളം, വൈകുന്നേരങ്ങളില്‍ നടക്കാനായി പ്രത്യേകം തയ്യാറാക്കിയ വാക്കിംഗ് വേ എന്നിവയെല്ലാം ഈ വസതിയുടെ ആഡംബരത്തിന്റെ തെളിവുകളാണ്. ഇതെല്ലാം ആശുപത്രിയുടെ ഭാഗമായി ഉണ്ടാക്കിയതാണെന്നാണ് സൂചന.

തിരുവനന്തപുരത്തെ ഏറ്റവും കണ്ണായ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന, സാധാരണക്കാര്‍ക്ക് ചിന്തിക്കാന്‍ പോലുമാകാത്ത ഇത്രയും വലിയൊരു ആഡംബര വസതിയിലേക്കാണ് ബുധനാഴ്ച പുലര്‍ച്ചെ കേന്ദ്ര അന്വേഷണ ഏജന്‍സിയായ ഇ.ഡി പാഞ്ഞുകയറിയത്. പണ്ട് കുഞ്ഞിക്കരച്ചിലുകള്‍ ഉയര്‍ന്ന ആ പഴയ വത്സലാ നഴ്സിംഗ് ഹോമിന്റെ ചുവരുകള്‍ക്കുള്ളില്‍ ഇപ്പോള്‍ ഉയര്‍ന്നുകേള്‍ക്കുന്നത് എക്‌സാലോജിക് സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള ഇ.ഡിയുടെ കടുത്ത ചോദ്യശരങ്ങളാണ്.

തൊട്ടടുത്ത ദിവസം വരെ കോടതികളില്‍ നിന്നും നിയമപരിരക്ഷ നേടി സുരക്ഷിതമായിരുന്ന ഈ ‘വാടക കൊട്ടാരത്തിന്റെ’ കവാടങ്ങളാണ് ഹൈക്കോടതി വിധി വന്നതോടെ ഇ.ഡിക്ക് മുന്നില്‍ തുറക്കപ്പെട്ടത്. വരും ദിവസങ്ങളിലും കേരള രാഷ്ട്രീയത്തിന്റെ ചര്‍ച്ചകള്‍ ഈ ബേക്കറി ജങ്ഷനിലെ വസതിയെ ചുറ്റിപ്പറ്റിയായിരിക്കും എന്നതില്‍ തര്‍ക്കമില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button