‘ഭരണം എങ്ങനെ നടത്തരുതെന്ന് കാണിച്ചുതരുന്നു’; യുഡിഎഫ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പിണറായി വിജയൻ

ഒരു സർക്കാർ എങ്ങനെ പ്രവർത്തിച്ചുകൂടാ എന്നതിന്റെ ഉദാഹരണമാണ് യുഡിഎഫ് സർക്കാരെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ പറഞ്ഞു. മന്ത്രിസഭയിൽ പരസ്പര വിശ്വാസം നഷ്ടപ്പെടുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നതെന്നും അദ്ദേഹം വിമർശിച്ചു. ഉദ്യോഗസ്ഥരെ ശത്രുപക്ഷത്ത് നിർത്തുന്ന സമീപനമാണ് സർക്കാരിന്റേതെന്നും, സംസ്ഥാനത്ത് ഇത്തരമൊരു സാഹചര്യം ഉണ്ടാകാൻ പാടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സർക്കാരിന് വേണ്ടി കാര്യങ്ങൾ നിർവഹിക്കുന്നവരാണ് ഉദ്യോഗസ്ഥർ. അവർ സർക്കാരിന്റെ ഭാഗമാണ്. അവരെ വിശ്വാസത്തിലെടുക്കാൻ സർക്കാർ തയ്യാറാകണമെന്ന് പിണറായി വിജയൻ ആവശ്യപ്പെട്ടു.
അധികാരത്തിൽ വന്നതിന് പിന്നാലെ ഉദ്യോഗസ്ഥരെ വ്യാപകമായി സ്ഥലംമാറ്റിയ നടപടിയെയും അദ്ദേഹം കുറ്റപ്പെടുത്തി. സർക്കാർ അധികാരം വിവേചനപൂർവ്വം ഉപയോഗിക്കേണ്ടതാണ്. പൊതുമാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടായിരുന്നു മുമ്പ് സ്ഥലംമാറ്റങ്ങൾ നടത്തിയിരുന്നത്. ജീവനക്കാരെ ബോധപൂർവ്വം ബുദ്ധിമുട്ടിക്കുന്ന നടപടികളുണ്ടായിട്ടില്ലെന്നും പരാതികൾ ഉയർന്നിരുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ, ആയിരക്കണക്കിന് ജീവനക്കാരെ തലങ്ങും വിലങ്ങും സ്ഥലംമാറ്റിയത് രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമാണെന്നും, അഴിമതിക്ക് വഴിയൊരുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം ആരോപിച്ചു.
മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും നാടിന്റെ കാര്യങ്ങൾ ശ്രദ്ധിക്കാൻ സമയമില്ലാത്തതിനാൽ സർവീസ് രംഗം ആകെ താറുമാറായെന്നും പിണറായി വിജയൻ പറഞ്ഞു. 15 വർഷം ജോലി ചെയ്ത കരാർ ജീവനക്കാരെ മനുഷ്യത്വരഹിതമായി പിരിച്ചുവിടുന്ന നിലപാടാണ് സ്വീകരിക്കുന്നത്. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും തെറ്റായ വഴികളിലൂടെ നീങ്ങാനാണ് താല്പര്യമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജീവനക്കാർ ശമ്പള പരിഷ്കരണം ആഗ്രഹിക്കുന്നുണ്ടെന്നും, മുൻ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ശമ്പള പരിഷ്കരണ കമ്മീഷൻ കൊണ്ടുവന്നത് എൽഡിഎഫ് സർക്കാരാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. കമ്മീഷനെതിരെ യാതൊരു പരാതിയും ഉയർന്നിട്ടില്ലെങ്കിലും, അവരുടെ പ്രവർത്തനങ്ങൾ മരവിപ്പിച്ച് സർക്കാർ അനങ്ങാപ്പാറ നയം സ്വീകരിക്കുകയാണെന്നും പ്രതിപക്ഷനേതാവ് വിമർശിച്ചു.



