രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗക്കേസുകൾ: അന്വേഷണം പൂർത്തിയായി; കുറ്റപത്രം സമർപ്പിക്കാൻ നീക്കം

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ട് ബലാത്സംഗ കേസുകളിൽ പ്രത്യേക അന്വേഷണ സംഘം കരട് കുറ്റപത്രം തയ്യാറാക്കി. ബലാത്സംഗം, ഭ്രൂണഹത്യയ്ക്ക് പ്രേരിപ്പിക്കൽ, ശാരീരിക ഉപദ്രവം, ഭീഷണിപ്പെടുത്തൽ തുടങ്ങിയ ഗുരുതര വകുപ്പുകൾ ചുമത്തിയാണ് രണ്ട് കേസുകളിലും കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. നിയമോപദേശത്തിനായി കൈമാറിയ കരട് കുറ്റപത്രത്തിൽ പരിശോധന പൂർത്തിയായ ശേഷമായിരിക്കും അന്തിമ കുറ്റപത്രം കോടതിയിൽ സമർപ്പിക്കുക.
കേസുകളിലെ അന്വേഷണം പൂർത്തിയായതായി എസ്.ഐ.ടി വ്യക്തമാക്കി. അന്വേഷണ സംഘത്തിന് നേതൃത്വം നൽകിയിരുന്ന എസ്.പി ജി. പൂങ്കുഴലി കേന്ദ്ര ഡെപ്യൂട്ടേഷനിൽ പോയതിനെത്തുടർന്ന് ചുമതല ഒഴിഞ്ഞിരുന്നു. എന്നാൽ കുറ്റപത്രം തയ്യാറായ സാഹചര്യത്തിൽ പകരം മറ്റൊരാൾക്ക് അന്വേഷണച്ചുമതല നൽകേണ്ടതില്ലെന്നാണ് പൊലീസിന്റെ തീരുമാനം.
തിരുവനന്തപുരം സ്വദേശിനിയായ യുവതിയെ വിവാഹവാഗ്ദാനം നൽകി ഫ്ലാറ്റുകളിലും പാലക്കാട്ടും എത്തിച്ച് പീഡിപ്പിച്ചെന്നതാണ് ഇതിലൊരു കേസ്. ഈ കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് ഹൈക്കോടതി നേരത്തെ മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. ബെംഗളൂരുവിൽ പഠിക്കുന്ന യുവതിയെ നാട്ടിലേക്ക് വരുന്ന വഴി ഹോട്ടലിലെത്തിച്ച് പീഡിപ്പിച്ചെന്നതാണ് കുറ്റപത്രം തയ്യാറാക്കിയ രണ്ടാമത്തെ കേസ്.



