പത്മജയുടെ കോൺഗ്രസ് പ്രവേശനത്തിൽ എതിർപ്പ്; പത്മിനിക്ക് പച്ചക്കൊടി, പത്മജയുടെ കാര്യത്തിൽ ചർച്ച വേണമെന്ന് ആവശ്യം

തിരുവനന്തപുരം: ബിജെപി വിട്ട പത്മജ വേണുഗോപാലിന്റെ കോൺഗ്രസ് പ്രവേശനം അനിശ്ചിതത്വത്തിൽ. മുൻകാല പ്രസ്താവനകളിൽ മാപ്പ് പറയാതെ പാർട്ടിയിൽ അംഗത്വം നൽകരുതെന്ന നിലപാട് ഒരു വിഭാഗം നേതാക്കൾ കടുപ്പിച്ചതോടെയാണ് പ്രതിസന്ധി ഉടലെടുത്തത്. തെറ്റ് തിരുത്തി മടങ്ങിവരുന്നവരെ സ്വീകരിക്കാമെന്നാണ് പൊതുനിലപാടെങ്കിലും, പത്മജയുടെ കാര്യത്തിൽ വിശദമായ ചർച്ച വേണമെന്നാണ് നേതാക്കളുടെ ആവശ്യം.

കോൺഗ്രസിനും നേതാക്കൾക്കുമെതിരെ രൂക്ഷവിമർശനം ഉന്നയിച്ച് പാർട്ടി വിട്ട പത്മജ, ബിജെപിയെയും നരേന്ദ്ര മോദിയെയും വാനോളം പുകഴ്ത്തിയിരുന്നു. പിതാവ് കെ. കരുണാകരൻ ജീവിച്ചിരുന്നെങ്കിൽ തന്നേക്കാൾ മുന്നേ ബിജെപിയിൽ എത്തിയേനെ എന്നും, വളർത്തിക്കൊണ്ടുവന്നവരെ നശിപ്പിക്കുകയാണ് കോൺഗ്രസ് പാരമ്പര്യമെന്നുമടക്കം പാർട്ടിയെ അപകീർത്തിപ്പെടുത്തുന്ന കടുത്ത പ്രസ്താവനകളാണ് പത്മജ നടത്തിയിരുന്നത്.

ഇല്ലാത്ത വർഗീയത കോൺഗ്രസ് പറയുന്നുവെന്നും അവർ ആരോപിച്ചിരുന്നു. ഈ സാഹചര്യത്തിൽ മടങ്ങിവന്ന ഉടൻ അംഗത്വം നൽകുന്നത് പാർട്ടി കാര്യങ്ങളെ ഗൗരവത്തോടെ കാണുന്നില്ലെന്ന പ്രതീതി സൃഷ്ടിക്കുമെന്ന വിമർശനമാണ് ഉയരുന്നത്. അതേസമയം, പത്മജയ്ക്ക് പിന്നാലെ ബിജെപി വിട്ടെത്തിയ പത്മിനി തോമസിനെ പാർട്ടിയിലേക്ക് സ്വീകരിക്കുന്നതിൽ കോൺഗ്രസിൽ എതിർപ്പുകളില്ല.

കോൺഗ്രസ് പ്രവേശനം ലക്ഷ്യമിടുന്ന പത്മജ ആദ്യം കെപിസിസി അധ്യക്ഷന് കത്ത് കൈമാറാനാണ് തീരുമാനിച്ചിരുന്നതെങ്കിലും, അതിനുമുമ്പ് പ്രധാന നേതാക്കളെ നേരിൽ കണ്ടേക്കും. മുഖ്യമന്ത്രി വി.ഡി. സതീശൻ, കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്, എ.കെ. ആന്റണി, വി.എം. സുധീരൻ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളുമായി അവർ കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം. പത്മജയുടെ മടങ്ങിവരവിൽ തീരുമാനമെടുക്കേണ്ടത് കെപിസിസി അധ്യക്ഷനും മുഖ്യമന്ത്രിയുമാണെന്നും, പാർട്ടിക്ക് അതിനുള്ള സംവിധാനമുള്ളതിനാൽ അനാവശ്യ ബഹളം വേണ്ടെന്നും കെ. മുരളീധരൻ പ്രതികരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button