തലസ്ഥാനത്ത് വീണ്ടും ഷിഗെല്ല; ഒരാൾക്കുകൂടി രോഗം സ്ഥിരീകരിച്ചു

തിരുവനന്തപുരം: തലസ്ഥാനത്ത് ഒരാൾക്കുകൂടി ഷിഗെല്ല സ്ഥിരീകരിച്ചു. കാട്ടാക്കട സ്വദേശിയിലാണ് രോഗം കണ്ടെത്തിയത്. കഴിഞ്ഞദിവസം തോന്നയ്ക്കൽ, ചാക്ക, പുത്തൻത്തോപ്പ് എന്നിവിടങ്ങളിൽ രോഗബാധ കണ്ടെത്തിയിരുന്നു. മൂന്ന് കുട്ടികൾക്കാണ് ഇന്നലെ രോഗം ബാധിച്ചത്. ഇവരുടെ നില തൃപ്‌തികരമാണെന്നാണ് ആരോഗ്യവകുപ്പ് അറിയിച്ചത്. കോഴിക്കോടും വയനാടും രോഗം കണ്ടെത്തിയതിന് പിന്നാലെയാണ് കൊല്ലത്തും തിരുവനന്തപുരത്തും ഷിഗെല്ല സ്ഥിരീകരിച്ചത്.

ഷിഗെല്ല രോഗം പകരുന്നത് മലിനമായ വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയുമാണ്. ഷിഗെല്ല രോഗം ബാധിച്ചയാൾ പാകം ചെയ്ത ഭക്ഷണം കഴിക്കുന്നവർക്കും ഈ രോഗം വരാനുള്ള സാദ്ധ്യതയുണ്ട്. പലപ്പോഴും വീടുകളിലെ കിണറുകൾക്കും കുടിവെള്ള സ്രോതസുകൾക്കും വേണ്ടത്ര സംരക്ഷണം ലഭിക്കാറില്ല. മഴവെള്ളത്തോടൊപ്പം മലിനജലവും മാലിന്യങ്ങളും കിണറുകളിലേക്ക് എത്തുന്നത് രോഗാണുക്കളുടെ വ്യാപനത്തിന് വഴിയൊരുക്കുന്നു.

വൃത്തിഹീനമായ സാഹചര്യങ്ങളിൽ പാകം ചെയ്യുന്ന ആഹാരം കഴിക്കുന്നത് ഏവരും ഈ മഴക്കാലത്ത് ഒഴിവാക്കേണ്ടതാണ്. ഹോട്ടലുകളിലും തട്ടുകടകളിലും വിദ്യാലയങ്ങളിലെ ഭക്ഷണശാലകളിലും ക്ളോറിനും മറ്റും ഉപയോഗിച്ച ശുദ്ധജലമാണ് പാചകത്തിന് ഉപയോഗിക്കുന്നു എന്നത് അധികൃതർ പരിശോധനയിലൂടെ ഉറപ്പാക്കേണ്ടതാണ്.ഒന്നുരണ്ടു ദിവസങ്ങൾക്കകം രോഗം ബാധിച്ചയാൾ ലക്ഷണങ്ങൾ കാണിക്കാൻ തുടങ്ങും. ആരോഗ്യവാനായ ഒരാളിൽ അഞ്ച് മുതൽ ഏഴ് ദിവസം വരെ ലക്ഷണങ്ങൾ നീണ്ടുനിന്നേക്കാം. പ്രതിരോധ ശേഷി കുറവുള്ള കുഞ്ഞുങ്ങളിൽ രോഗം തീവ്രമാകാനിടയുണ്ട്.

ലക്ഷണങ്ങൾ

വയറിളക്കം, രക്തത്തോട് കൂടിയ മലവിസർജ്ജനം, വേദനയോട് കൂടിയ മലവിസർജ്ജനത്തിനുള്ള തോന്നൽ, വയറുവേദന, പനി, വൻകുടൽ വീക്കം, മലാശയം പുറത്തേക്ക് തള്ളൽ ,വിളർച്ച രോഗതീവ്രത കൂടിയാൽ, കേന്ദ്ര നാഡീവ്യൂഹത്തിന് തകരാറുകൾ പ്ലേറ്റ്ലെറ്റുകൾ ഗണ്യമായി കുറയുക വൃക്കകൾ തകരാറിലാകുക

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button