കാവേരി ചർച്ചയ്ക്കെതിരെ സ്റ്റാലിൻ; വിജയ്യുടെ നീക്കത്തിനെതിരെ പ്രതിഷേധം ശക്തം

ചെന്നൈ: കാവേരി നദീജല തർക്കത്തിൽ കർണാടകയുമായി നേരിട്ട് ചർച്ച നടത്താൻ മുഖ്യമന്ത്രി വിജയ് നടത്തുന്ന നീക്കത്തിനെതിരെ തമിഴ്നാട്ടിൽ രാഷ്ട്രീയ പ്രതിഷേധം ശക്തമാകുന്നു. മുൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, തമിഴ്നാട്ടിന്റെ ദീർഘകാല നിലപാടിന് വിരുദ്ധമായ നീക്കമാണിതെന്ന് വിമർശിച്ച് മുഖ്യമന്ത്രി തീരുമാനത്തിൽ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ടു.
കാവേരി വിഷയത്തിൽ ഇതുവരെ തമിഴ്നാട് ചർച്ചകളേക്കാൾ നിയമപോരാട്ടത്തിനാണ് മുൻഗണന നൽകിയതെന്ന് സ്റ്റാലിൻ പറഞ്ഞു. ഇത്തരമൊരു വിഷയത്തിൽ കർണാടകയുമായി മുഖ്യമന്ത്രിതലത്തിൽ കൂടിക്കാഴ്ച നടത്തുന്നത് സംസ്ഥാനത്തിന്റെ താൽപര്യങ്ങൾക്ക് തിരിച്ചടിയാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം, വിഷയത്തിൽ സർവകക്ഷിയോഗം വിളിക്കണമെന്നാണ് എഐഎഡിഎംകെയുടെ ആവശ്യം. കർണാടകയുമായി നേരിട്ടുള്ള ചർച്ച തമിഴ്നാടിന്റെ നിലപാടിനെ ദുർബലമാക്കുമെന്നാണ് പ്രതിപക്ഷ നേതാവ് എടപ്പാടി കെ. പളനിസ്വാമി (ഇപിഎസ്) ഉൾപ്പെടെയുള്ളവരുടെ വിമർശനം.
ആഗസ്റ്റ് 3-ന് കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറുമായി വിജയ് കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം. കാവേരി നദീജല പങ്കിടൽ, സുപ്രീംകോടതി വിധി നടപ്പാക്കൽ, കർണാടകയുടെ പുതിയ അണക്കെട്ട് നിർമാണ നീക്കം എന്നിവയാണ് ചർച്ചയിലെ പ്രധാന വിഷയങ്ങളെന്നാണ് സൂചന.
തമിഴ്നാടും കർണാടകയും തമ്മിലുള്ള കാവേരി നദീജല തർക്കം പതിറ്റാണ്ടുകളായി തുടരുകയാണ്. 2018-ൽ സുപ്രീംകോടതി അന്തിമവിധി പുറപ്പെടുവിച്ചെങ്കിലും തമിഴ്നാടിന് അനുവദിച്ച ജലവിഹിതം പൂർണമായി ലഭിക്കുന്നില്ലെന്ന പരാതിയാണ് സംസ്ഥാനത്തിനുള്ളത്. ഇതിനിടെ കാവേരിക്ക് കുറുകെ പുതിയ അണക്കെട്ട് നിർമ്മിക്കാനുള്ള കർണാടകയുടെ നീക്കവും വിവാദമായിട്ടുണ്ട്.
അടുത്തിടെ കന്നഡ സംഘടനകൾ പ്രതിഷേധം ശക്തമാക്കിയ സാഹചര്യത്തിൽ തമിഴ്നാട് ബസുകൾ ഹൊസൂർ വരെ മാത്രമാണ് സർവീസ് നടത്തുന്നത്. ഇത്തരമൊരു സാഹചര്യത്തിൽ കർണാടകയുമായി ചർച്ച നടത്തുന്നത് പ്രായോഗികമല്ലെന്നാണ് സ്റ്റാലിൻ ഉൾപ്പെടെയുള്ളവരുടെ നിലപാട്.
വിജയ്യുടെ തീരുമാനം തമിഴ്നാട്ടിന്റെ പരമ്പരാഗത സമീപനത്തിൽ നിന്ന് വ്യത്യസ്തമാണെന്നും, ചർച്ച പരാജയപ്പെടുകയോ പ്രതികൂല ഫലമുണ്ടാകുകയോ ചെയ്താൽ അത് അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രതിഛായയെ ബാധിക്കുമെന്ന വിലയിരുത്തലും രാഷ്ട്രീയ വൃത്തങ്ങളിൽ ശക്തമാണ്.



