കാൻസർ ചികിത്സയ്ക്കിടെയും സന്തോഷവാർത്ത; പുതിയ നേട്ടം പങ്കുവച്ച് രേണു സുധി

കാന്‍സര്‍ ചികിത്സയില്‍ തുടരവെ വ്യക്തിജീവിതത്തില്‍ കൈവന്ന ഒരു നേട്ടത്തിലെ സന്തോഷം പങ്കുവച്ച് രേണു സുധി. തന്‍റെ യുട്യൂബ് ചാനലിന് പ്ലേ ബട്ടണ്‍ കിട്ടിയ സന്തോഷമാണ് രേണു സുധി പങ്കുവച്ചിരിക്കുന്നത്. “നമുക്ക് യുട്യൂബ് പ്ലേ ബട്ടൺ കിട്ടി. എന്റെ ലൈഫിൽ ഏറ്റവും വലിയ ഒരു സന്തോഷമാണ്. അപ്രതീക്ഷിതമായിട്ടാണ് പ്ലേ ബട്ടൺ കിട്ടുന്നത്. ഇത്ര പെട്ടെന്ന് എനിക്ക് പ്ലേ ബട്ടൺ കിട്ടുമെന്ന് ഞാന്‍ കരുതിയില്ല. എന്‍റെ സബ്സ്ക്രൈബേഴ്സിന് ഒരുപാട് നന്ദി. നിങ്ങളുടെ ഓരോരുത്തരുടെയും മനസിന്റെ വലിയ നന്മയാണ് ഈ ഒരു പ്ലേ ബട്ടൺ എനിക്ക് കിട്ടാന്‍ കാരണമായത്”, തന്‍റെ യുട്യൂബ് ചാനലിലൂടെത്തന്നെ രേണു സുധി പറഞ്ഞു.

കീമോതെറാപ്പിയുടെ നിലവിലെ ഘട്ടത്തെക്കുറിച്ചും രേണു പറഞ്ഞു- “എന്‍റെ രണ്ടാമത്തെ കീമോ കഴിഞ്ഞു. ഞാൻ രണ്ടാഴ്ചയായി വളരെയധികം ദുഃഖത്തിലും പ്രയാസത്തിലും ഒക്കെയാണ്, നിങ്ങൾക്കറിയാം. കീമോ കഴിഞ്ഞുള്ള അവസ്ഥ അനുഭവിച്ചവര്‍ക്ക് അറിയാം. ആ ഒരു അവസ്ഥയിൽ നിന്ന് നിങ്ങളുടെ ഓരോരുത്തരുടെയും പ്രാർത്ഥന കൊണ്ടാണ് ഞാൻ തിരിച്ചുവന്നത്”, രേണു സുധിയുടെ വാക്കുകള്‍. രോഗ ചികിത്സയെക്കുറിച്ച് രേണുവിനൊപ്പമുണ്ടായിരുന്ന സഹോദരി രമ്യയും പറയുന്നുണ്ട്- “31-ാം തീയതിയാണ് അവളുടെ മൂന്നാമത്തെ കീമോ.

രണ്ടാമത്തെ കീമോ കഴിഞ്ഞപ്പോൾ നേരത്തേതിനേക്കാള്‍ വളരെ ക്ഷീണത്തിലായിരുന്നു. പഴയതു പോലെ ഒന്ന് ആക്ടീവ് ആയി ഇരിക്കാൻ തുടങ്ങിയിട്ട് ഇപ്പോള്‍ രണ്ട് മൂന്ന് ദിവസമേ ആയുള്ളൂ. ഇതുവരെ രേണുവിന് വേണ്ടി പ്രാർത്ഥിച്ച എല്ലാവരോടും ഞാൻ വീണ്ടും നിങ്ങളുടെ പ്രാർത്ഥനയെ ചോദിക്കുന്നു. തുടർന്നും നിങ്ങൾ അവൾക്ക് വേണ്ടി പ്രാർത്ഥിക്കണം. നിങ്ങളുടെ ഓരോരുത്തരുടെയും പ്രാർത്ഥനയും ദൈവാനുഗ്രഹവും നിങ്ങളുടെ സഹായങ്ങളും നിങ്ങളുടെ സ്നേഹവും മാത്രമാണ് അവളെ ഇതുവരെ എത്തിച്ചത്”, സഹോദരിയുടെ വാക്കുകള്‍.

രോഗചികിത്സയെ താന്‍ എങ്ങനെയാണ് നോക്കി കാണുന്നതെന്നും രേണു പറയുന്നു- “എനിക്ക് വിശ്വാസമുണ്ട് ഞാൻ തിരിച്ചു വരുമെന്ന്. കാരണം എന്റെ മൈൻഡ് പവറും അതുപോലെ നിങ്ങളുടെ പ്രാർത്ഥനയും. ദൈവം ഉള്ളതുകൊണ്ടാണ് ഞാൻ തിരിച്ചു വരുന്നത്. നാല് കീമോയും കൂടെ ഇനിയുണ്ടെന്നാണ് ഡോക്ടർ പറഞ്ഞത്. ഈ ഒരു രോഗത്തിനോട് പൊരുതി ഞാൻ തിരിച്ചു വന്നിരിക്കുമെന്ന് എനിക്ക് വിശ്വാസമുണ്ട്. അല്ലാതെ എവിടെ പോകാനല്ലേ. ഞാൻ തിരിച്ചു വന്നിരിക്കും.

നിങ്ങൾക്കൊക്കെ അറിയാം, ഒരു ദിവസം പോലും റെസ്റ്റ് ഇല്ലാതെ ഓടിനടന്ന ഒരു വ്യക്തിയാണ് ഞാന്‍. പെട്ടെന്ന് ഒരു സമയത്ത് കാന്‍സര്‍ എന്ന മഹാരോഗം വരുമ്പോൾ കിടപ്പാകുന്നു. ജോലിയൊന്നും ചെയ്യാന്‍ പറ്റാതെയാകുന്നു. വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ പറ്റാത്ത ഒരു അവസ്ഥ. ഇതൊക്കെ നിങ്ങൾക്ക് പറഞ്ഞാൽ മനസിലാകുമോയെന്ന് അറിയില്ല. അനുഭവിച്ചവർക്ക് മനസ്സിലാകും. ഒരു കടയിൽ പോലും പോകാൻ എനിക്ക് പറ്റില്ല. കീമോ കഴിഞ്ഞതോടെ ഒന്നും ചെയ്യാൻ പറ്റില്ല. ഹോസ്പിറ്റൽ, വീട്, വീട്, ഹോസ്പിറ്റൽ അങ്ങനെ പോകുന്ന ഒരു ദിനചര്യയാണ് ഇപ്പോള്‍ എന്‍റേത്”, രേണു സുധി പറഞ്ഞവസാനിപ്പിക്കുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button