ഷിബിലയുടെ കൊലപാതകം; താമരശ്ശേരി പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐയ്ക്കെതിരെ നടപടി

കോഴിക്കോട്: താമരശ്ശേരി സ്വദേശിനി ഷിബിലയെ ലഹരിക്കടിമയായ ഭര്‍ത്താവ് യാസിര്‍ വെട്ടിക്കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് താമരശ്ശേരി പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐയ്ക്കെതിരെ നടപടി. ഗ്രേഡ് എസ്ഐ നൗഷദിനെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു. റൂറൽ എസ്‍പി താമരശ്ശേരി പൊലീസ് സ്റ്റേഷനില്‍ നേരിട്ടെത്തിയാണ് നടപടി സ്വീകരിച്ചത്.

യാസിറിനെതിരെ ഷിബില നൽകിയ പരാതി സ്റ്റേഷനിലെ പിആര്‍ഒയുടെ ചുമതലയുണ്ടായിരുന്ന ഗ്രേഡ് എസ്ഐ നൗഷാദ് ആണ് കൈകാര്യം ചെയ്തിരുന്നത്. യാസിറിൽ നിന്ന് ഭീഷണിയുണ്ടെന്നുകാണിച്ച് നൽകിയ പരാതി കൈകാര്യം ചെയ്യുന്നതിൽ വീഴ്ച വരുത്തിയതിനാണ് ഗ്രേഡ് എസ്ഐയ്ക്കെതിരെ നടപടിയെടുത്തത്. പരാതിയുടെ ഗൗരവം മനസിലാക്കുന്നതിലും കൈകാര്യം ചെയ്യുന്നതിലും വീഴ്ച വരുത്തി എന്ന വിലയിരുത്തലിലാണ് നടപടി.

പൊലീസിനെതിരെ പരാതി നൽകുമെന്ന് കുടുംബം വ്യക്തമാക്കിയതിന് പിറകെയാണ് നടപടി. യാസിർ ഷിബിലിയെ ആക്രമിക്കാൻ സാധ്യതയുണ്ടെന്ന് പൊലീസിനോട് സൂചിപ്പിച്ചിരുന്നെന്ന് കുടുംബം വ്യക്തമാക്കിയിരുന്നു.  പൊലീസിനെതിരെ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും കുടുംബം പരാതി നൽകുമെന്ന് അറിയിച്ചിരുന്നു. യാസിർ പുറത്തിറങ്ങിയാൽ തന്നെ കൊല്ലുമെന്ന് ഭയക്കുന്നുണ്ടെന്നും പിതാവ് പറഞ്ഞു.

ഇതിനിടെ, താമരശ്ശേരിയിൽ സഹപാഠികളുടെ മർദനമേറ്റ് പത്താം ക്ലാസുകാരൻ കൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണം മുതിർന്നവരിലേക്ക് എത്തുന്നില്ലെന്ന ആരോപണവുമായി കുടുംബം രംഗത്തെത്തി. അന്വേഷണം കാര്യക്ഷമാക്കണമെന്നാവശ്യപ്പെട്ട് മാതാപിതാക്കൾഅടുത്തയാഴ്ച മുഖ്യമന്ത്രിയെ കാണും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *