നിതിൻ രാജിന്റെ മരണം: ഡോക്ടർ റാമിനെ കോളേജിൽ നിന്ന് പുറത്താക്കി

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ബി.ഡി.എസ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ ആരോപണ വിധേയനായ വകുപ്പ് മേധാവി ഡോ.എം.കെ. റാമിനെ പുറത്താക്കി. കോളേജ് മാനേജ്മെന്റ് രക്ഷിതാക്കളുടെ യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. അദ്ധ്യാപകനെതിരെ വിദ്യാർത്ഥികളുടെ പ്രതിഷേധം തുടരുന്ന സാഹചര്യത്തിലാണ് മാനേജ്‌മെന്റിന്റെ നടപടി. നേരത്തെ ഡോ. റാമിനെ കോളേജിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. എന്നാൽ കോളേജിൽ നിന്ന് ഇയാളെ പുറത്താക്കണമെന്ന ആവശ്യത്തിൽ വിദ്യാർത്ഥികൾ ഉറച്ചു നിൽക്കുകയായിരുന്നു.

കോളേജിലെ ഓറൽ പാത്തോളജി വിഭാഗം മേധാവിയാണ് ഡോ.എം.കെ.റാം. നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് റാമിനെതിരെ ആത്മഹത്യാ പ്രേരണ കുറ്റം,​ പട്ടികജാതി- പട്ടികവർഗ അതിക്രമ നിരോധന നിയമം തുടങ്ങിയ വകുപ്പുകൾ പ്രകാരം കേസെടുത്തിരുന്നു.

നിതിന്റെ മരണം നടന്ന് ആറുദിവസമായിട്ടും ആരോപണ വിധേയർക്കെതിരെ നടപടി ഉണ്ടാകാത്തതിനെ തുടർന്ന് ഇന്ന് രാവിലെ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലെ മുഴുവൻ വിദ്യാർത്ഥികളും പരസ്യ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഡോ.റാമിനെ പുറത്താക്കും വരെ സമരം തുടരുമെന്ന് വിദ്യാർത്ഥികൾ വ്യക്തമാക്കിയിരുന്നു. വെളുത്ത കോട്ട് അഴിച്ചാണ് കാമ്പസിന് മുന്നിൽ കുത്തിയിരുന്ന വിദ്യാർത്ഥികൾ പ്രതിഷേധിച്ചത്. ഡ്യൂട്ടിയിൽ നിന്ന് വിട്ട് നിന്ന് ഹൗസ് സർജൻമാരും പ്രതിഷേധത്തിൽ പങ്കാളിയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *